ന്യൂഡൽഹി: വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം വിപണിയിൽ എത്തിക്കാനുള്ള നീക്കവുമായി സ്വർണ വ്യാപാരികൾ. ഇതുവഴി സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് നിലവിലെ സ്വർണ വിലയിലും ആശ്വാസം നൽകും.
നിലവിൽ 22,000 ടൺ സ്വർണമാണ് രാജ്യത്തെ വീടുകളിൽ ഉപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ 26 വർഷത്തിനിടയിൽ ആഭരണങ്ങളും സ്വർണക്കട്ടികളും നാണയങ്ങളും നിർമ്മിക്കാനായി രാജ്യം ഇറക്കുമതി ചെയ്ത സ്വർണത്തിന് തുല്യം വരുമിത്. ഈ സ്വർണം മുഴുവൻ വിപണിയിൽ എത്തിക്കാനാണ് സ്വർണ വ്യാപാരികൾ പദ്ധതിയിടുന്നത്. ഇതിനായി കൈവശം ഉള്ള സ്വർണം നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാൻ അവസരം നൽകുന്ന ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീം പുനരുജ്ജീവിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം.
ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതാണ് ഈ സ്‌കീം. ഇതിന് പുറമേ 500 ഗ്രാം വരെയുള്ള പരമ്പരാഗത സ്വത്തായി ലഭിച്ച സ്വർണം ബാങ്കിൽ നിക്ഷേപിച്ചാൽ നികുതിയും അടയ്‌ക്കേണ്ടതില്ല. വീട്ടിലിരിക്കുന്ന സ്വർണം ഒരു വരുമാനമാർഗ്ഗം കൂടിയാക്കാൻ ഈ പദ്ധതിവഴി കഴിയും.
വീടുകളിൽ സൂക്ഷിച്ച സ്വർണം പുറത്തെത്തുമ്പോൾ വിപണിയിലെ ആവശ്യം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് സ്വർണ വ്യാപാരികൾ അവകാശപ്പെടുന്നത്. ഇതുവഴി സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കാം.
കഴിഞ്ഞ വർഷം അഞ്ച് കോടി ഡോളറിന്റെ അധിക സ്വർണം ആണ് രാജ്യത്ത് ഇറക്കുമതി ചെയ്തിരിക്കുന്നത്. 2023 ൽ 4230 കോടി ഡോളറിന്റെ സ്വർണം ആയിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇത് കഴിഞ്ഞ വർഷം 4700 ആയി. 11 മാസത്തെ കണക്കുകൾ പ്രകാരമാണ് ഇത്രയും. 12 മാസം കണക്കാക്കിയാൽ ഇത് ഇനിയും വർദ്ധിക്കും.
Discussion about this post