ന്യൂഡൽഹി: പങ്കാളിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് കേസ് നൽകുന്നത് മാനസികപീഡനമാണെന്നും ക്രൂരതയാണെന്നും ബോംബെ ഹൈക്കോടതി. ദമ്പതികളുടെ വിവാഹം വേർപെടുത്തിയ താനെ കുടുംബ കോടതിയുടെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചാണ് ഈ നിരീക്ഷണം. ഭാര്യയുടെ ക്രൂരതയുടെ പേരിൽ ഭർത്താവിന് അനുകൂലമായി വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി ജസ്റ്റിസുമാരായ ജി.എസ്.കുൽക്കർണിയും അദ്വൈത് സേത്‌നയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
ഭർത്താവും കുടുംബവും ക്രൂരമായി പെരുമാറിയെന്ന് ആരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 498 എ പ്രകാരം ഭാര്യ കേസ് നൽകിയിരുന്നു. എന്നാൽ, കേസ് തന്റെ ഭർത്താവിനെ ശിക്ഷിക്കാനല്ലെന്നും സ്വഭാവത്തിൽ മാറ്റം വരുത്താനാണെന്നും വിചാരണയ്ക്കിടെ ഭാര്യ സമ്മതിക്കുകയായിരുന്നു. തെറ്റായ ആരോപണങ്ങളും തുടർന്നുള്ള ക്രിമിനൽ കേസും തന്നെ കടുത്ത മാനസിക പീഡനത്തിന് വിധേയമാക്കിയെന്നും 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(IA) പ്രകാരം ക്രൂരതയ്ക്ക് തുല്യമാണെന്നും ഭർത്താവ് വാദിച്ചു. ഇതാണ് കോടതി ശരിവച്ചത്.
കള്ളക്കേസുകൾ ഫയൽ ചെയ്യുന്നത് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹൈക്കോടതി ഊന്നിപ്പറഞ്ഞു. നിരപരാധികളായ ആളുകളെ ഉപദ്രവിക്കുന്നത് തടയാൻ, സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമ വ്യവസ്ഥകളുടെ ദുരുപയോഗം പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
Discussion about this post