ന്യൂഡൽഹി : ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്റെ കൈവരിയിൽ നിന്ന് തെന്നി വീണ് 3 വയസുകാരൻ മരിച്ചു. പടിഞ്ഞാറൻ ദില്ലിയിലെ തിലക് നഗറിലെ പസഫിക് മാളിൽ ആണ് അപകടം സംഭവിച്ചത്. മാളിൽ സിനിമ കാണാനായി എത്തിയ കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘത്തോടൊപ്പം ആണ് മൂന്നു വയസ്സുകാരനായ കുട്ടി മാളിൽ എത്തിയിരുന്നത്. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മുതിർന്നവർ സിനിമാ ടിക്കറ്റ് വാങ്ങുന്നതിന്റെ തിരക്കിൽ കുട്ടി ഈ കൂട്ടത്തിൽ നിന്നും പുറത്തു പോവുകയായിരുന്നു. എസ്കലേറ്ററിന് അടുത്തേക്ക് ഓടിയെത്തിയ കുട്ടി കൈവരിയിൽ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്.
കുട്ടിയോടൊപ്പം വന്നിരുന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ഡിഡിയു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post