അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ഇപ്പോഴും ശ്രമം തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാലാണ് തീയണക്കാനുള്ള ശ്രമം പൂര്‍ണ്ണ വിജയം കാണാത്തത്. അതിനിടെ ലോസ് ആഞ്ചലിസില്‍ നിന്നാണെന്ന തരത്തില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ചെറിയ ബാഗുകളില്‍ വെള്ളം നിറച്ച് തീയണയ്ക്കുന്ന ഒരു ദൃശ്യം. ലോസ് ആഞ്ചലസ് അഗ്‌നിശമന സേന സ്ത്രീകളുടെ ബാഗ് ഉപയോഗിച്ച് തീ അണയ്ക്കുകയാണെന്ന തരത്തിലാണ് ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
‘ലോകത്തേ ഏറ്റവും വികസിത രാജ്യം അമേരിക്ക. അത് മാത്രമല്ല ശാസ്ത്ര സാങ്കേതിക രംഗത്തെ മുടി ചൂടാമന്നന്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും അതിന്റെ ഹുങ്കിന്റ മൂര്‍ച്ചയില്‍ ലോകത്ത് തങ്ങളുടെ വാര്‍പ്പ് മാതൃകകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്ത് അധികാരം സ്ഥാപിച്ച അമേരിക.
അമേരിക്കയുടെ ശാസ്ത്ര സാങ്കേതിക കേന്ദ്രമായ കാലിഫോര്‍ണിയ സംസ്ഥാനത്തിലെ ലോസ് ഏഞ്ചല്‍സിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ത്രീകളുടെ ഹാന്‍ഡ്ബാഗുകള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്.
എന്നാല്‍ എന്താണ് സത്യാവസ്ഥയെന്ന് നോക്കാം. അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചത് സ്ത്രീകള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ഹാന്‍ഡ് ബാഗല്ല. ചെറുതായി തീ കത്തുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാറുള്ള കാന്‍വാസ് ബാഗുകളാണിവ. ഒരു ചെറിയ ചവറ്റുകുട്ടയിലോ മറ്റോ തീ പിടിക്കുമ്പോള്‍, ഒരു ഹോസ് പുറത്തെടുത്ത് വെള്ളം ഒഴിക്കുന്നതിലും വേഗത്തില്‍ ഇത്തരം ബാഗുകളിലും കണ്ടെയ്നറുകളിലും വെള്ളം നിറച്ച് തീ പെട്ടെന്ന് കെടുത്താനാകുമെന്നും സാധാരണയായി ഫയര്‍ എഞ്ചിന്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാഗുകളാണിതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
Discussion about this post