തിരുവനന്തപുരം: കേരളക്കരയാകെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. ഷാരോണിന്റെ കാമുകി ഗ്രീഷ്മ ഒന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മ രണ്ടാം പ്രതിയും അമ്മാവൻ മൂന്നാം പ്രതിയുമാണ്.
പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷാരോണിന്റെ പിതാവ് പ്രതിരിച്ചു. വിധി അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് ഷാരോൺ വീട്ടിൽ വന്ന സമയം ഒരുപാട് ഛർദ്ദിച്ചു. പിന്നെ മുറിയിൽ പോയി കിടക്കുകയകയിരുന്നു. പിന്നീട് ആണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഗ്രീഷ്മ കഷായം തന്നിരുന്നുവെന്നും അതിൽ എന്തോ മിക്‌സ് ചെയ്തിരുന്നതായും അവൻ പറഞ്ഞു. താൻ മരിച്ചു പോവുമെന്നും അവൻ പറഞ്ഞിരുന്നു. മോൻ ഉണ്ടായിരുന്നെങ്കിൽ തങ്ങൾ സുഖമായി ജീവിച്ചേനെയെന്നും പിതാവ് പറഞ്ഞു.
പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ കിട്ടണമെന്ന് ഷാരോണിന്റെ അമ്മയും പ്രതികരിച്ചു. മകനെ കാണാതെ ഓമരാ ദിവസവും കരഞ്ഞും സങ്കടപ്പെട്ടും ആണ് കടന്നുപോവുന്നത്. മരിച്ച് ജീവിക്കുകയാണ്. മോനില്ലാതെ ജീവിക്കാൻ പറ്റുന്നില്ലെന്നും അവർ പറഞ്ഞു.
ഷാരോണിന്റെ മുറി അന്നത്തെ പോലെ തന്നെ ഇന്നും ഒരു മാറ്റവും വരുത്താതെയാണ് അച്ഛൻ ജയരാജും അമ്മ പ്രിയയും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. വസ്ത്രങ്ങളും അവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുമെല്ലാം ഇന്നും അതുപോലെ തന്നെ ആ മുറിയിലുണ്ട്. മകന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരോണിന്റെ അച്ഛനും അമ്മയും.
പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് ഷാരോണിനെ കീടനാശിനി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്. ആദ്യം ജ്യൂസിൽ അളവിൽ അധികം പാരസെറ്റമോൾ ഗുളിക കലർത്തി ജ്യൂസ് ചാലഞ്ച് എന്ന പേരിൽ ഷാരോണിന് കുടിയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ ഇത് പൂർണമായും ഷാരോൺ കുടിച്ചിരുന്നില്ല. ഇതിന് പിന്നാലെ കഷായത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു.
ഷാരോണിനെ കൊല്ലുന്നതിന് വേണ്ടിയല്ല പാരസെറ്റമോളിനെക്കുറിച്ച് ഇന്റർനെറ്റിൽ തപ്പിയത് എന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പനി ആയതുകൊണ്ടാണ് നെറ്റിൽ ഗുളികയെക്കുറിച്ച് തിരഞ്ഞത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാപ്രവണതയുണ്ട്. ഇതിനായി കഷായത്തിൽ വിഷം കലർത്തി. ഗ്രീഷ്മ മുഖം കഴുകാൻ പോയ സമയം ഷാരോൺ കഷായം ഒറ്റയ്ക്ക് എടുത്ത് കുടിയ്ക്കുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാൽ ഇതെല്ലാം കെട്ടുകഥകൾ ആണെന്ന് വാദിഭാഗം ശക്തമായി വാദിച്ചു. ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് ഗ്രീഷ്മ വിഷം നൽകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Discussion about this post