ലഖ്‌നൗ : മഹാകുംഭമേളയിലൂടെ ഉത്തർപ്രദേശ് സർക്കാരിന് രണ്ട് ലക്ഷം കോടിയിലേറെ രൂപയുടെ വരുമാനം ഉണ്ടാകുമെന്ന് സൂചന. ബിസിനസ് സ്ഥാപനമായ സിഎടി പുറത്തുവിട്ട ഡാറ്റകൾ പ്രകാരം മഹാ കുംഭമേളയിലൂടെ ലക്ഷക്കണക്കിന് കോടിയുടെ വരുമാനമാണ് ഉത്തർപ്രദേശിന് ഉണ്ടാകുന്നത്. ലോകത്തെമ്പാടുമുള്ള നിരവധി ബഹുരാഷ്ട്ര കമ്പനികളും മഹാ കുംഭമേള വിപണി ലക്ഷ്യമാക്കി ഉത്തർപ്രദേശിൽ എത്തിയിട്ടുണ്ട്.
എക്സിബിഷൻ സ്റ്റാളുകൾ മുതൽ മുതൽ തീർഥാടകർക്കുള്ള വിശ്രമ ക്യാമ്പുകൾ വരെയായി നീണ്ടുകിടക്കുന്ന വിപണിയാണ് മഹാ കുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശിൽ ഉള്ളത്. ഡെറ്റോൾ, ഡാബർ, പെപ്‌സികോ, കൊക്ക കോള തുടങ്ങിയ മുൻനിര ബ്രാൻഡുകളും ഐടിസി, റിലയൻസ് തുടങ്ങിയ കോർപ്പറേറ്റ് സ്ഥാപനങ്ങളും മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ ശിവിർ ആശ്രമങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തോടൊപ്പം ഇവർ ഇവിടെയെത്തുന്ന ഭക്തർക്ക് ലഘുഭക്ഷണ വിതരണവും നടത്തുന്നുണ്ട്.
ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും ആശയവിനിമയം നടത്താനുമുള്ള അവസരമായാണ് പല കമ്പനികളും മഹാകുംഭ മേളയെ കണക്കാക്കുന്നത്. ഈ വർഷം 45 കോടിയിൽ അധികം പേർ മഹാകുംഭ മേളയിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡൽഹിയിൽ നിന്നും പ്രയാഗ്‌രാജിലേക്കുള്ള ഫ്ലൈറ്റ് ബുക്കിംഗിൽ 162% വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതുവരെ 7 കോടിയിലധികം ഭക്തർ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി.
പ്രയാഗ് രാജിലേക്കുള്ള ഭക്തരുടെ ഒഴുക്ക് വർദ്ധിച്ചതോടെ ഹോട്ടൽ ടൂറിസം വ്യവസായങ്ങൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ, കമ്പിളി വസ്ത്രങ്ങൾ, പുതപ്പുകൾ, മെത്തകൾ, കൂടാതെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും 30 മുതൽ 40 ശതമാനം വരെ വർദ്ധിച്ചു. ഉത്തർപ്രദേശിലെ ഹോട്ടൽ വ്യവസായങ്ങളും ചില്ലറ വ്യാപാരവും തുണി വ്യവസായവും എല്ലാം കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇരട്ടിയിലധികം വർദ്ധനവ് രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ ഇതുവരെ ഒരു കുംഭമേളയിലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള സൗകര്യങ്ങളും വികസനങ്ങളും ആണ് യോഗി ആദിത്യനാഥ് സർക്കാർ ഭക്തർക്കായി ഒരുക്കിയിട്ടുള്ളത് എന്നാണ് ഉത്തർപ്രദേശിലെ വ്യാപാരികളുടെ സംഘടന വിശേഷിപ്പിക്കുന്നത്. മൗനി അമാവാസി ദിനത്തിൽ എല്ലാ മേഖലയിലും കൂടുതൽ വിൽപന ഉണ്ടാകുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഈ കാരണങ്ങളാൽ തന്നെ മഹാകുംഭമേള ഉത്തർപ്രദേശ് സർക്കാരിന് ലക്ഷക്കണക്കിന് കോടികളുടെ വരുമാനം ഉണ്ടാക്കി നൽകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
Discussion about this post