കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. സ്പാനിഷ് പരിശീലകൻ സെർജിയോ ലൊബേറ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ചാകും. ഐഎസ്എല്ലിലെ മികച്ച പരിശീലകരിൽ ഒരാളായ ലൊബേറ മൂന്ന് വർഷത്തെ കരാറിലാകും ബ്ലാസ്റ്റേഴ്‌സിൽ എത്തുക.
നിലവിൽ ഒഡീഷ എഫ്സിയുടെ പരിശീലകനാണ് 48കാരനായ ലൊബേറ. ബാഴ്സലോണയുടെ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ച് അനുഭവ പരിചയമുള്ള ലൊബേറ, കറ്റാലൻ വമ്പന്മാരുടെ യൂത്ത് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ലാ ലിഗയിൽ കളിക്കുന്ന സ്പാനിഷ് ക്ലബ് ലാസ് പാൽമസിന്റെ കോച്ചിന്റെ റോളും ലൊബേറ നേരത്തെ വഹിച്ചിരുന്നു.
ഐഎസ്എല്ലിൽ എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി എന്നീ പ്രമുഖ ക്ലബ്ബുകളെയും സെർജിയോ ലൊബേറ പരിശീലിപ്പിച്ചിട്ടുണ്ട്. എഫ്സി ഗോവയ്ക്ക് ഐഎസ്എൽ ഷീൽഡും മുബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ കിരീടവും, ഷീൽഡും നേടി കൊടുത്ത സൂപ്പർ പരിശീലകനാണ് ലൊബേറ.
നിലവിൽ ഒഡീഷയുടെ കോച്ചായതിനാൽ ഈ സീസൺ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ലൊബേറ ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല ഏറ്റെടുക്കുക.
ഐഎസ്എല്ലിലെ കഴിഞ്ഞ മത്സരത്തിൽ ലൊബേറയുടെ ഒഡീഷ എഫ്സിയെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ 3-2ന് പരാജയപ്പെടുത്തിയിരുന്നു. സെർജിയോ ലൊബേറയുമായി ബ്ലാസ്റ്റേഴ്‌സ് ധാരണയിൽ എത്തിയെന്ന റൂമറുകൾ നേരത്തെ തന്നെ വന്നിരുന്നു.
മോണ്ടിനെഗ്രോ താരം ദുസാൻ ലഗാറ്ററെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത് സെർജിയോ ലൊബേറോയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന. ഹ്യൂഗോ ബൗമസ് ഉൾപ്പെടെയുള്ള ഒഡീഷ എഫ്സിയുടെ ചില പ്രമുഖ താരങ്ങൾ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തും. ഒഡീഷയുടെ ഡിഫൻഡർ അമയ് റണാവദെയുമായി ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ പ്രീ കോൺട്രാക്റ്റിൽ എത്തിയിരുന്നു. ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇടക്കാല പരിശീലകനായി മലയാളിയായ ടി ജി പുരുഷോത്തമൻ തുടരും.
Discussion about this post