മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മുംബൈയിലെ വസതിയിൽ കടന്നുകയറി ആക്രമിച്ച സംഭവത്തിൽ പോലീസിന് മൊഴി നൽകി കരീന കപൂർ. ബാന്ദ്ര പോലീസ് സ്‌റ്റേഷനിലെത്തിയാണ് കരീന മൊഴി നൽകിയത്. വീട്ടിലേക്ക് കടന്നു കയറിയ പ്രതി വളരെ അക്രമാസക്തനായിരുന്നെന്നും സെയ്ഫ് അലി ഖാനെ ഒന്നിലധികം തവണ കുത്തിയെന്നും കരീന പോലീസിനോട് പറഞ്ഞു. എന്നാൽ, വീട്ടിൽ നിന്നും പ്രതി ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും നടി കരഏന വ്യക്തമാക്കി.
ഇളയ മകൻ ജഹാംഗീറിന്റെ (ജെ) കിടപ്പുമുറിയിലാണ് പ്രതിയെ ആദ്യം കണ്ടത്. സംഭവം ശ്രദ്ധയിൽ പെട്ട വീട്ടുജോലിക്കാർ അലാറം ഓൺ ആക്കുകയായിരുന്നു. വീട്ടുജോലിക്കാരിയെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവരെ രക്ഷിക്കാൻ സെയ്ഫ് ഇടപെട്ടത്. അക്രമി ജെയ്‌യുടെ അടുത്തെത്തുന്നതിൽ നിന്ന് അദ്ദേഹം തടഞ്ഞെന്നും കരീന പോലീസിനോട് പറഞ്ഞു.
ആറോളം തവണ സെയ്ഫിനെ അക്രമി കുത്തി. എന്നാൽ, കാണുന്ന സ്ഥലത്ത് വച്ചിരുന്ന സ്വർണാഭരണങ്ങൾ പോലും പ്രതി എടുത്തിട്ടില്ല. സംഭവം തനിക്ക് വിഷമവും ഭയവും ഉണ്ടാക്കി. സംഭവത്തിന് പിന്നാലെ സഹോദരി കരിഷ്മ കപൂർ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും കരീന പറഞ്ഞു.
ദമ്പതികളുടെ ഏഴുവയസ്സുള്ള മകൻ തൈമൂറും വീട്ടുജോലിക്കാരനുമാണ് രക്തം വാർന്നൊഴുകുന്ന സെയ്ഫിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. സംഭവ സമയം ഡ്രൈവർ സ്ഥലത്തില്ലാത്തതിനാൽ, ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്.
Discussion about this post