ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പല ചുവടുവെയ്പ്പുകളും എടുക്കുന്ന കമ്പനിയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ജീവനക്കാരുടെ ജോലി സമയം ഉയർത്തുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനടെയാണ് വീണ്ടും മറ്റൊരു വ്യത്യസ്ത നിലപാടുമായി സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ എത്തുന്നത്. ജീവനക്കാരെ പരമാവധി പണിയെടുപ്പിച്ച് അവരെ പിഴിഞ്ഞ് ലാഭമുണ്ടാക്കുകയല്ല, അവരുടെ ക്ഷേമവും അത്യാവശ്യമാണെന്ന് തെളിയിക്കുകയാണ് സൊമാറ്റോ.
ഇതിന്റെ ഭാഗമായി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വെൽനസ് കേന്ദ്രം ഒരുക്കുകയാണ് സൊമാറ്റോ. ക്രയോതെറാപ്പി, റെഡ് ലൈറ്റ് തെറാപ്പി, ഹൈപ്പർബാറിക് ഓക്‌സിജൻ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുന്നതായിരിക്കും വെൽനസ് കേന്ദ്രം.
തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യം എല്ലായ്‌പ്പോഴും തങ്ങളുടെ ഏറ്റവും വലിയ മുൻഗണനകളിൽ ഒന്നാണെന്ന് ദീപീന്ദർ ഗോയൽ വ്യക്തമാക്കി. സൊമാറ്റോ ജീവനക്കാരുടെ മാനസിക ആരോഗ്യം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ടീം ഉണ്ട്. അതുപോലെ തന്നെ, കമ്പനി ആസ്ഥാനത്ത് ജീവനക്കാർക്കായി ഒരു ജിമ്മും പ്രവർത്തിക്കുന്നു. ഒരു പ്രത്യേക ചീഫ് ഫിറ്റ്‌നസ് ഓഫീസറും കമ്പനിക്ക് ഉണ്ട്. ആർത്തവ അവധികൾ, ലിംഗ-നിഷ്പക്ഷ രക്ഷാകർതൃ അവധി നയങ്ങൾ എന്നിവയും തങ്ങൾ നൽകുന്നുണ്ട്. 200-ലധികം ആളുകൾ പുതിയ വെൽനസ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും ദീപീന്ദർ ഗോയൽ വ്യക്തമാക്കി.
നേരത്തെ സ്ത്രീകൾക്ക് ആർത്തവ അവധി നൽകുമെന്ന സൊമാറ്റോയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഏവരും ഏറ്റെടുത്തത്. ജോലി ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും വലിയൊരു പ്രശ്‌നത്തിനാണ് സൊമാറ്റോ പരിഹാരം കണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്തുകൊണ്ടുള്ള പുതിയ തീരുമാനം.
Discussion about this post