ചെന്നെ: തമിഴ് നടൻ വിശാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ വിശാലിന്റെ മധ ഗജ രാജ എന്ന സിനിമയുടെ പ്രി റിലീസ് ചടങ്ങിനെത്തിയപ്പോഴുള്ള നടന്റെ വീഡിയോ ആയിരുന്നു ആരാധകർക്കിടയിലുള്ള ആശങ്കകൾക്ക് കാരണം. ഏറെ ക്ഷീണിതനായാണ് വീഡിയോയിൽ നടനെ കണ്ടിരുന്നത്.
അസിസ്റ്റ്റ്റിന്റെ സഹായത്തോടെയാണ് വേദിയിലേക്ക് താരം കയറുന്നത്. മാത്രമല്ല സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. സംസാരിക്കാൻ പോലും കഴിയാത്ത അത്രയും അവസ്ഥയിൽ വിശാൽ വിറക്കുന്നുണ്ടായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ, നടന് എന്തുപറ്റിയെന്ന ചോദ്യങ്ങളും ആശങ്കയും ആരാധകർക്കിടയിൽ നിന്നും ഉയർന്നിരുന്നു. ആറ് മാസമെങ്കിലും താരത്തിന് സിനിമയിൽ നിന്നും വിട്ട് നിൽക്കേണ്ടി വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്ന് വന്നിരുന്നു.
എന്നാൽ, തന്റെ വൈറൽ വീഡിയോയിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിശാൽ. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് നടൻ വ്യക്തമാക്കി. അന്ന് പരിപാടിക്ക് എത്തുമ്പോൾ കടുത്ത പനിയുണ്ടായിരുന്നു. എഴുന്നേറ്റ് നിൽക്കാൻൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് അത്തരത്തിൽ വിറയൽ ഉണ്ടായത്. മറ്റ് ആരോഗ്യ പ്രശ്ങ്ങളൊന്നുമില്ല. ആറ് മാസം സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്ന തരത്തിലെല്ലാം പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. അതേസമയം, തന്നോടുള്ള ആരാധകരുടെ സ്‌നേഹവും കരുതലും മനസിലാക്കാൻ ഈ സംഭവം സഹായിച്ചു. എല്ലാവരോടും അതിയായ നന്ദിയുണ്ടെന്നും താരം പറഞ്ഞു. വൈറൽ വീഡിയോയിലെ തന്റെ അവസ്ഥ തമാശ രൂപത്തിൽ അനുകരിച്ചുകൊണ്ടായിരുന്നു വിശാലിന്റെ വെളിപ്പെടുത്തൽ.
വിശാലിന്റെ മധ ഗജ രാജ എന്ന ചിത്രം ഈ ജനുവരി 12ന് ആണ് തിയേറ്ററുകളിലേക്ക് എത്തിയത്. വർഷങ്ങളോളം പെട്ടിയിൽ ഇരുന്നെങ്കിലും വൻ നേട്ടം കൊയ്യാൻ ഇപ്പോൾ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ ദിനം തന്നെ മൂന്ന് കോടി രൂപയാണ് തമിഴ്‌നാട്ടിൽ നിന്നും മാത്രം നേടിയത്. ചിത്രത്തിൽ അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Discussion about this post