ചെന്നൈ: കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി ആമകളാണ് തമിഴ്‌നാടിന്റെ തീരമേഖലകളിൽ ചത്ത് പൊങ്ങിയത്. ഇത് വലിയ വാർത്തയാകുകയും ആഗോളതലത്തിൽ ആശങ്കയുയർത്തുകയും ചെയ്തിരുന്നു. കാഞ്ചീപുരം ജില്ലയിലെ നീലാങ്കരായി, ബസന്ത് നഗർ എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ ആയിരുന്നു ആമകൾ കൂടുതലായി ചത്ത് പൊങ്ങിയത്. ഇതിന് പുറമേ കേരളത്തിലെ കോവളം ബീച്ചിന്റെ വിവിധ ഭാഗങ്ങളിലും ആമകൾ ചത്ത് അടിഞ്ഞു.
ഒലീവ് റൈഡ്‌ലി എന്ന ആമകൾ ആയിരുന്നു വ്യാപകമായി ചത്ത് പൊന്തിയത്. 300 ഓളം ആമകൾ രണ്ട് ദിവസത്തിനിടെ ചത്ത് പൊങ്ങിയെന്നാണ് കണക്കുകൾ. അതുകൊണ്ട് തന്നെയാണ് സംഭവം വലിയ ചർച്ചയായതും. എന്തുകൊണ്ടാണ് ഈ ഇനത്തിൽപ്പെട്ട ആമകൾ മാത്രം വ്യാപകമായി ചത്തത്?. ഇതിന്റെ കാരണം വിശദീകരിക്കുകയാണ് ട്രീ ഫൗണ്ടേഷൻ സ്ഥാപകനായ സുപ്രജ ധരിണി.
ഈ കാലത്ത് ഒലീവ് റൈഡ്‌ലി ആമകൾ വ്യാപകമായി ചത്ത് പൊങ്ങുന്നത് സാധാരണം ആണ് എന്നാണ് സുപ്രജ ധരിണി വ്യക്തമാക്കുന്നത്. ഒലീവ് റൈഡ്‌ലി ആമകളുടെ ഇണചേരൽ കാലമാണ് ഇത്. ഇതിന്റെ ഭാഗമായിട്ടാണ് ആമകൾ വ്യാപകമായി ചത്ത് പൊങ്ങുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇണചേരൽ കാലമാകുമ്പോൾ ഈ ആമകൾ കരയുടെ ഭാഗത്തേയ്ക്ക് വ്യാപകമായി എത്താറുണ്ട്. പെണ്ണാമകൾ ചെറു സംഘങ്ങളായാണ് ഇത്തരത്തിൽ എത്താറുള്ളത്. ഇവയെ തേടി ആൺ ആമകളും എത്തും. ഇങ്ങനെ എത്തുന്ന ആമകൾ മത്സ്യത്തൊഴിലാളികൾ വിരിച്ചിരിക്കുന്ന വലകളിൽ കുടുങ്ങും. ഇങ്ങനെ കുടുങ്ങിയ ആമകൾക്ക് പിന്നീട് രക്ഷപ്പെടാൻ കഴിയില്ല. ഇതേ തുടർന്നാണ് മരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post