എറണാകുളം :കുത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്നെ തട്ടികൊണ്ടുപോയത് സിപിഎം തന്നെയാണെന്ന് കല രാജു വെളിപ്പെടുത്തി. തന്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് അവർ പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിന്റെ പ്രതികരണം
ചെയർപേഴ്സനും വൈസ് ചെയർപേഴ്സനും എതിരെ അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ, യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം കൗൺസിലർ കലാ രാജുവിനെ സിപിഎം നേതാക്കൾ തന്നെ കടത്തി കൊണ്ടുപോവുകയായിരുന്നു.
തന്നോട് വളരെ മോശമായാണ് സിപിഎം പ്രവർത്തകർ പെരുമാറിയത്. തന്നോട് വളരെ മോശം ഭാഷയിൽ സംസാരിച്ചു .തന്റെ വസ്ത്രം വലിച്ചഴിച്ചു. തട്ടിക്കൊണ്ടു പോയതിനുശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിച്ചത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ലെന്നും നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കല രാജു പറഞ്ഞു. ഇവരെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതിനിടെ അമ്മയെ കാണാനില്ലെന്ന് കാട്ടി കലയുടെ മക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പ്രതിഷേധങ്ങൾ തുടരവെ കാണാതായ കലാ രാജു സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഉണ്ടെന്ന് മക്കളെ നേതാക്കൾ അറിയിക്കുകയായിരുന്നു.
Discussion about this post