ടെൽ അവീവ് : വെടിനിർത്തൽ കരാർ താൽക്കാലികം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ പോരാട്ടം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ലബനനിലും സിറിയയിലും ഇസ്രായേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇതുവരെയും നൽകിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ പ്രകാരം ബന്ദികളാക്കപ്പെട്ട 33 ഇസ്രായേൽ പൗരന്മാരെ ഹമാസ് മോചിപ്പിക്കുമ്പോൾ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട 2,000 പാലസ്തീൻ പൗരന്മാരെയാകും ഇസ്രായേൽ മോചിപ്പിക്കുക.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെ സമാധാന കരാർ പ്രാബല്യത്തിൽ വരിക. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് നിയുക്ത പ്രസിഡന്റ് ഡോണാൾട്ട് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇന്ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിലെത്തിയാൽ 15 മാസം നീണ്ട യുദ്ധത്തിന് ആണ് ഇതോടെ അന്ത്യംകുറിക്കുക. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യൻ ഖത്തർ മധ്യസ്ഥർ നടത്തിയ മാസങ്ങൾ നീണ്ട തീവ്രമായ ചർച്ചകൾക്ക് ശേഷമാണ് സമാധാനത്തിന് വഴിതെളിഞ്ഞത് .
Discussion about this post