തിരുവനന്തപുരം; പള്ളിക്കലിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു. പള്ളിക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലായിരുന്നു സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പത്താം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ഇടവേളയ്ക്കിടെ ആയിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് പരിക്കേറ്റ വിദ്യാർത്ഥി നൽകുന്ന മൊഴി. ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിലേക്ക് പോകുകയായിരുന്നു പത്താംക്ലാസ് വിദ്യാർത്ഥി. ഇതിനിടെ സംഘം ചേർന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിക്കുകയായിരുന്നു.
മതിലിന്റെ സ്ലാബിലേക്ക് തല ചേർത്ത് പിടിച്ച് ആയിരുന്നു വിദ്യാർത്ഥിയെ ആക്രമിച്ചത്. ശേഷം നിലത്തേയ്ക്ക് തള്ളിയിട്ട് ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ കഴുത്തിലെയും കാലിലെയും എല്ലുകൾക്ക് പൊട്ടലുണ്ട്. നടുവിനും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിനിടെ ബഹളംകേട്ട് എത്തിയ അദ്ധ്യാപകരാണ് കുട്ടിയെ രക്ഷിച്ചത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിൽ ഏഴ് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post