90 കളില്‍ യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകള്‍ക്കും ഭയമായൊരു ടീം.. അതെ എസി മിലാന്‍ (AC Milan). ഇന്ന് അവരുടെ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനം ഇല്ലെങ്കിലും ഒരു കാലത്ത് യൂറോപ്പിനെ അടക്കി വാണിരുന്നു എസി മിലാന്‍. ലോക ഫുട്ബോളിലെ തന്നെ പല ഇതിഹാസങ്ങളും കളിച്ചൊരു ക്ലബ്ബ്. കാൽപ്പന്ത് കളി ഇഷ്ടപ്പെടുന്ന ഏതൊരു ആരാധകനും അറിയേണ്ടൊരു ചരിത്രമാണ് ഇതിഹാസ ക്ലബ്ബായ എസി മിലാനുള്ളത് (AC Milan History).

1899 ഡിസംബര്‍ 13 ന് ഇറ്റലിയിലെ മിലാന്‍ ആസ്ഥാനമാക്കി ഒരു ക്ലബ്ബ് രൂപീകരിച്ചു. കറുപ്പും ചുവപ്പും വരകളോട് ചേര്‍ന്നതാണ് അവരുടെ ജേഴ്‌സി. ആദ്യം ആ ക്ലബ്ബിന് ഒരു പേരും ഇട്ടു. മിലാന്‍ ക്രിക്കറ്റ് ആന്‍ഡ് ഫുട്‌ബോള്‍ ക്ലബ്ബ് (Milan Cricket and Football Club). മിലാൻ തുടക്കം മുതല്‍ ഭാഗീകമായി ഒരു ഫുട്‌ബോള്‍, ക്രിക്കറ്റ് ക്ലബ്ബായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഫുട്‌ബോള്‍ ലോകത്ത് ഇറ്റാലിയന്‍ ക്ലബ്ബ് പ്രബലരായി മാറി. 1919 ല്‍ മിലാന്‍ എസ് സി ആയി മാറിയ ക്ലബ്ബ് പിന്നീട് 1939-ല്‍ ഇന്ന് കാണുന്ന എസി മിലാനായി മാറി. ബ്രിട്ടീഷ് സ്വാധീനമാണ് ക്ലബ്ബിന് മിലാന്‍ എന്ന് പേരിട്ടതിന് കാരണമെന്ന് ചില കഥകളുണ്ട്.
അന്ന് ക്ലബ്ബിനെ രൂപീകരിച്ച ഹെര്‍ബര്‍ട്ട് കില്‍പിന്റെ (Herbert Kilpin) വാക്കുകള്‍ ഇന്നും കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണര്‍ത്തും..
“ഞങ്ങള്‍ പിശാചുക്കളുടെ ഒരു ടീമായിരിക്കും. നമ്മുടെ നിറങ്ങള്‍ തീ പോലെ ചുവപ്പും എതിരാളികളില്‍ ഭയം ഉണര്‍ത്താന്‍ കറുപ്പും ആയിരിക്കും..”
ഹെര്‍ബര്‍ട്ടിന്റെ ഈ വാക്കുകള്‍ പിന്നീട് സത്യമാകുന്നതാണ് കണ്ടത്. 1901 മെയ് 5ന് ജെനോവയെ 3-0 ന് തോല്‍പ്പിച്ച് റോസനേരികള്‍ ആദ്യമായി ഇറ്റലിയുടെ ചാമ്പ്യന്മാരായി. അന്ന് തുടങ്ങിയ ജൈത്രയാത്ര യൂറോപ്പിലെ വമ്പന്‍ ടീമായി മാറുന്നതില്‍ എസി മിലാന് മുതല്‍ക്കൂട്ടായി. 19 സീരി എ കിരീടവും 5 തവണ കോപ്പ ഇറ്റാലിയ കിരീടവും, 7 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടി യൂറോപ്പിലെ പല വമ്പന്‍ ടീമുകളെയും വിറപ്പിക്കാന്‍ റോസനേരികള്‍ക്കായി. 2007 ല്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ എസി മിലാന്‍ ആ വര്‍ഷം തന്നെ ക്ലബ്ബ് വേള്‍ഡ് കപ്പും ചൂടി ഇറ്റലിയിലെ തന്നെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നായി മാറി.
1908 ല്‍ എസി മിലാന്‍ രണ്ടായി പിളര്‍ന്നു. അത് അവരുടെ ബദ്ധവൈരികളായ ഇന്റര്‍ മിലാന്‍ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. ഇവര്‍ തമ്മിലുള്ള വൈരം ഫുട്‌ബോള്‍ ലോകത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ്. ഇന്നും ഇവരുടെ പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ഒരു പാട് ആരാധകര്‍ നമ്മുടെ നാട്ടിലുമുണ്ട്. ക്ലബ്ബ് പിളര്‍ന്നതോടെ അത് എസി മിലാന് തിരിച്ചടിയായി. പിന്നീട് അവര്‍ക്കൊരു കിരീടം നേടാനായി ഏകദേശം 40 വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. 1950-51ലാണ് അവര്‍ അടുത്ത സിരീ എ കിരീടം നേടുന്നത്.

അന്ന് ഗ്രെ-നോ-ലി (Gre-No-Li) എന്നറിയപ്പെടുന്ന പ്രശസ്ത സ്വീഡിഷ് ത്രയത്തിന്റെ പിന്‍ബലത്തിലാണ് റോസനേരികള്‍ കിരീടം ചൂടുന്നത്. ഗ്രെ-നോ-ലി ആരാണെന്നറിയേണ്ടേ… ഗുന്നര്‍ ഗ്രെന്‍ (Gunnar Gren), ഗുന്നര്‍ നോര്‍ഡാല്‍ (Gunnar Nordahl), നില്‍സ് ലിഡ്‌ഹോം (Nils Liedholm) എന്നീ ഇതിഹാസങ്ങളുടെ ചുരുക്ക പേരാണ് ഗ്രെ-നോ-ലി. ഇതില്‍ ഗുന്നര്‍ നോര്‍ഡാലാണ് ഇപ്പോഴും എസി മിലാന്റെ ടോപ് ഗോള്‍ സ്‌കോറര്‍. 221 ഗോളുകളാണ് റോസനേരികള്‍ക്കായി അദ്ദേഹം നേടിയത്. അത് തകര്‍ക്കാന്‍ പിന്നീട് വന്ന് ഒരു താരങ്ങള്‍ക്കുമായില്ല. പിന്നീടുള്ള 30 വര്‍ഷത്തോളം കാലം ഇറ്റാലിയന്‍ ക്ലബ്ബിന്റെ ആധിപത്യമായിരുന്നു കണ്ടത്. 7 സീരി എ കിരീടങ്ങള്‍ കൂടാതെ രണ്ട് യൂറോപ്യന്‍ കപ്പുകള്‍ 2 യൂറോപ്യന്‍ വിന്നേഴ്‌സ് കപ്പുകള്‍ 4 കോപ്പ ഇറ്റാലിയ ട്രോഫികള്‍ എന്നിവ റോസനേരികള്‍ നേടി. അതില്‍ 1963 ല്‍ നേടിയ യൂറോപ്യന്‍ കപ്പ് വിജയം ഒരു ഇറ്റാലിയന്‍ ടീം നേടുന്നത് ആദ്യമായിട്ടായിരുന്നു.
എല്ലാ വമ്പന്‍ ക്ലബ്ബുകള്‍ക്കും ഒരു മോശം ചരിത്രം ഉണ്ടാകും.. പക്ഷെ എ സി മിലാന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ സംഭവത്തോടെ മിലാന് അധപതനത്തിന്റെ കാലമായിരുന്നു. സംഭവം ഏതെന്നു ചോദിച്ചാല്‍ 1980-ലെ ടോട്ടോനെറോ ഒത്തുകളി വിവാദമാണ്.
വിവാദത്തിന് ശേഷം കളിക്കാരും ഉദ്യോഗസ്ഥരും ഗെയിമുകളില്‍ വാത്തുവെപ്പ് നടത്തിയിരുന്നു. ഈ വാതുവെപ്പില്‍ ശിക്ഷിക്കപ്പെട്ട ഒരു ടീമായിരുന്നു എസി മിലാന്‍. അതിന്റെ ഫലമായി മിലാന്‍ ചരിത്രത്തില്‍ ആദ്യമായി രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. മത്സരങ്ങളുടെ ഫലം നിശ്ചയിക്കാന്‍ കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കുന്ന ഒരു വാതുവെപ്പ് സംഘത്തെ ചുറ്റിപറ്റിയാണ് ഈ അഴിമതി കേന്ദ്രീകരിച്ചത്. അന്നത്തെ പ്രസിഡന്റ് ഫെലിസ് കൊളംബോയെ കളിയില്‍ നിന്ന് ആജീവനാന്തം വിലക്കിയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം തന്നെ മിലാന്‍ സീരി എയിലേക്ക് മടങ്ങിയെത്തിയെങ്കിലും, 1982-ല്‍ അവര്‍ വീണ്ടും തരംതാഴ്ത്തപ്പെട്ടു. പിന്നീടവര്‍ക്ക് വീണ്ടും ടോപ്പ് ഡിവഷനിലേക്ക് മടങ്ങാല്‍ കഴിഞ്ഞു. പക്ഷെ അപ്പോഴേക്കും ക്ലബ്ബ് പാപ്പരത്വത്തിന്റെ വക്കിലെത്തിയിരുന്നു.
എന്നാല്‍ എ സി മിലാന്റെ ഉയര്‍ത്തെഴുന്നേല്പാണ് പിന്നീട് കണ്ടത്. 1986 ഫെബ്രുവരി 20 ന് സംരഭകനായ സില്‍വിയോ ബെര്‍ലുസ്‌കോണി (Silvio Berlusconi) ക്ലബ്ബ് ഏറ്റെടുക്കുകയും ക്ലബ്ബിനെ കടത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഏകദേശം 20 വര്‍ഷത്തിലേറെയായി ക്ലബ്ബിന്റെ ഉടമയായി അദ്ദേഹം തുടര്‍ന്നു. അദ്ദേഹത്തിന്റെ വരവ് റോസനേരികളെ അവരുടെ പഴയ പ്രതാപത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിച്ചു.
ഇറ്റാലിയന്‍ രാജ്യാന്തര താരങ്ങളായ റോബര്‍ട്ടോ ഡോണഡോണി(Roberto Donadoni), കാര്‍ലോ ആഞ്ചലോട്ടി (Carlo Ancelotti), ജിയോവാനി ഗല്ലി (Giovanni Galli), പൗലോ മാല്‍ഡിനി (Paolo Maldini) എന്നിവരോടൊപ്പം ടീമിന്റെ തലപ്പത്ത് വളര്‍ന്നുവരുന്ന മാനേജര്‍ അരിഗോ സാച്ചിയെ (Arrigo Sacchi) നിയമിക്കുകയും കൂടി ചെയ്തു ബെര്‍ലുസ്‌കോണി. അവരോടൊപ്പം റൂഡ് ഗുള്ളിറ്റ്, ഫ്രാങ്ക് റിക്കാര്‍ഡ്, മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍ എന്നീ ഡച്ച് ത്രയങ്ങള്‍ കൂടി ടീമിലെത്തിയതോടെ യൂറോപ്പിലെ ഒരു വമ്പന്‍ ശക്തിയായി എസി മിലാന്‍ മാറി.
അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണയുടെ (Diego Maradona) നേതൃത്വത്തിലുള്ള നാപ്പോളിക്കെതിരെ (Napoli) മികച്ച പ്രകടനം നടത്തിയ റോസനേരികള്‍ 1987-88 ലെ സീരി എ (Serie A) കിരീടവും നേടി. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ രണ്ട് യൂറോപ്യന്‍ കപ്പുകളും ക്ലബ് നേടി. അതില്‍ 1988-89 പതിപ്പിലെ റയലിനെതിരെയുള്ള (Real Madrid) പ്രകടനവും പിന്നീട് സ്റ്റുവ ബുകുറെസ്തിക്കെതിയായുള്ള പ്രകടനവും ഗംഭീരമായിരുന്നു. റയലിനെ അന്ന് 5-0 നാണ് റോസനേരികള്‍ തകര്‍ത്തത്.
യൂറോപ്പില്‍ ജൈത്രയാത്ര നടത്തിയ എസി മിലാന്റെ ഈ ടീമിന് ഗ്ലി ഇമ്മോര്‍ട്ടാലി അഥവാ ദി ഇമോര്‍ട്ടലുകള്‍ (The Immortals AC Milan) എന്ന വിളിപ്പേരും ലഭിച്ചു.. പേര് അനശ്വരമാക്കുന്നതുപോലെ തന്നെ മരണമില്ലാത്തവരായി അവര്‍ യൂറോപ്പിനെ അടക്കി വാണു. വേള്‍ഡ് സോക്കര്‍ മാഗസിന്‍ നടത്തിയ വിദഗ്ദരുടെ ആഗോള വോട്ടെടുപ്പില്‍ ഈ ടീമിനെ എക്കാലത്തെയും മികച്ച ക്ലബ്ബ് ടീമായി തിരഞ്ഞെടുക്കുകയും ചെയ്തു.

ക്ലബ്ബിന്റെ ആധിപത്യം 90 കളിലും തുടര്‍ന്നു. ഇറ്റലി ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിനായി 91-ല്‍ സാച്ചി മിലാന്‍ വിട്ടതോടെ ഫാബിയോ കാപ്പെല്ലോയെ ആ സ്ഥാനത്ത് നിയമിച്ചു. അദ്ദേഹത്തിന്റെ കീഴിലും റോസനേരികള്‍ വിജയിച്ചുകൊണ്ടിരുന്നു. സീരി എയിൽ 58 മത്സരങ്ങളുടെ അപരാജിത റണ്‍ ആ ടീമിന് ദി ഇന്‍വിന്‍സിബിള്‍സ് എന്ന് ലേബല്‍ നേടിക്കൊടുത്തു. അന്നത്തെ പല വമ്പന്‍ ടീമുകളെയും വീഴ്ത്തി റോസനേരികള്‍ ജൈത്രയാത്ര നടത്തി കൊണ്ടിരുന്നു.
എന്നാല്‍ 93-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാര്‍സെയ്‌ലിനോട് മിലാന്‍ തോറ്റു. പക്ഷെ ഒരു വര്‍ഷത്തിന് ശേഷം അവര്‍ ശക്തമായി തിരിച്ചു വന്നു. 94-ല്‍ കാപ്പല്ലോസിന്റെ ടീം മറ്റൊരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉയര്‍ത്തി. എക്കാലത്തെയും അവിസ്മരണീയമായ മത്സരങ്ങളിലൊന്നില്‍ ബാഴ്‌സയെ 4-0 നാണ് റോസനേരികള്‍ തകര്‍ത്തത് . 96-ല്‍ കാപ്പെല്ലോ ടീം വിട്ടതോടെ മിലാന്‍ ആകെ തകര്‍ന്നു. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലബ്ബിന്റെ ശതാബ്ദി സീസണില്‍ സക്കറോണിയുടെ നേതൃത്വത്തില്‍ അവര്‍ 16-ാം സീരി എ കിരീടവും ചൂടി. പക്ഷെ മിലാനെ പഴയ ടീമാക്കി മാറ്റുന്നതില്‍ സക്കറോണിയും പരാജയപ്പെട്ടു.
മറ്റൊരു മുന്‍ കളിക്കാരാനായ കാര്‍ലോ ആന്‍സലോട്ടിയുടെ കീഴിലായിരുന്നു മിലാന്റെ അടുത്ത വിജയകാലം. 2001ല്‍ ചുമതലയേറ്റ അദ്ദേഹം 2003-ല്‍ അവരെ ആറാമത് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്തിച്ചു. അന്ന് യുവന്റസിനെയാണ് മിലാന്‍ തോല്‍പ്പിച്ചത്. പിന്നീട് 2005 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.. ഏതോരു ഫുട്‌ബോള്‍ ആരാധകരും മറക്കാത്ത മത്സരമായിരുന്നു അത്. ലിവര്‍പൂള്‍ എസി മിലാന്‍ (Liverpool Vs AC Milan Champions League Final) ഫൈനല്‍ പോരാട്ടം. അന്ന് ആദ്യ പകുതി പിന്നിട്ടപ്പോള്‍ 3-0 ന് മുന്നിലായിരുന്നു മിലാന്‍. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി മറഞ്ഞു. 3 ഗോളുകള്‍ തിരിച്ചടിച്ച ലിവർപൂൾ (Liverpool) മത്സരത്തിന്റെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ റൊസോനേരികളെ തകര്‍ക്കുകയായിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു ത്രില്ലര്‍ പോരാട്ടമായി തന്നെ ഇന്നും ആരാധക മനസ്സുകളില്‍ ആ മത്സരം ഉണ്ട്.

എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം മിലാന്‍ ലിവര്‍പൂളിനെതിരെ പകരം വീട്ടി. 2007 ല്‍ അരങ്ങേറിയ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ (AC Milan Vs Liverpool) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഏഴാം തവണയും റോസനേരികള്‍ കിരീടം ഉയര്‍ത്തി (Champions League). 2007 ഡിസംബറില്‍ ടീം അവരുടെ ആദ്യത്തെ ക്ലബ്ബ് ലോകകപ്പും (Club WorldCup) നേടി. എന്നാല്‍ 2009 ല്‍ കാര്‍ലോ ആന്‍സലോട്ടി ക്ലബ്ബ് വിട്ടു. മിലാന്റെ ഏറ്റവും കൂടുതല്‍ സേവനമനുഷ്ഠിച്ച രണ്ടാമത്തെ മാനേജരായ ശേഷമാണ് ആന്‍സലോട്ടിയുടെ പടിയിറക്കം.
2010-11 സീസണില്‍ 18ാം മത് സീരീ എ കിരീടം നേടിയ മിലാന്‍ വീണ്ടും പരിതാപകരമായ അവസ്ഥയിലായി. യുറോപ്യന്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടുന്നതില്‍ വരെ അവര്‍ പരാജയപ്പെട്ടു. 2016 ല്‍ നേടിയ സൂപ്പര്‍ കോപ്പ ഇറ്റാലിയാന മാത്രമാണ് ആ കാലയളവില്‍ മിലാന് കിട്ടിയ ഏക കിരീടം. പിന്നീട് പലപ്പോഴായി യുവേഫയുടെ ഫിനാഷ്യല്‍ ഫെയര്‍ പ്ലേ നിയന്ത്രണങ്ങള്‍ ലംഘച്ചതിനാല്‍ വിലക്കും വന്നു. പരിശീലകരും മാറി മാറി വന്നു. എന്നിട്ടും മിലാനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
എന്നാല്‍ സ്‌റ്റെഫാനോ പിയോളി മിലാന്റെ താത്കാലിക കോച്ചായി വന്നതോടെ കാര്യങ്ങള്‍ക്ക് കുറച്ച് കൂടി മാറ്റങ്ങള്‍ ഉണ്ടായി. തുടരെ 10 മത്സരങ്ങളോളം പരാജയമറിയാതെ മുന്നേറി റോസനേരികള്‍. അതുകൊണ്ട് തന്നെ അടുത്ത് 2 വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തിന്റെ കരാര്‍ നീട്ടി കൊടുത്തു. 2020-21 സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ലീഗില്‍ രണ്ടാം സ്ഥാനത്ത് വരെ അവര്‍ എത്തി. 2013 ന് ശേഷം വീണ്ടും ചാമ്പ്യന്‍സ് ലീഗില്‍ മിലാന്‍ യോഗ്യത നേടി.
2021-22 സീസണ്‍ അവസാന റൗണ്ടില്‍ 86 പോയിന്റുമായി മിലാന്‍ അവരുടെ 19-ാം സീരി എ കിരീടവും ഉറപ്പിച്ചു. 2010-11 സീസണിന് ശേഷം അവര്‍ നേടുന്ന ആദ്യ ലീഗ് കിരീടം എന്ന പ്രത്യേകതയും കൂടി ഈ കിരീടത്തിന് ഉണ്ടായിരുന്നു. ആ സീസണിലെ മികച്ച പരിശീലകനായി പിയോളിയും തിരഞ്ഞെടുത്തു.
റാസോനേരിയുടെ ചരിത്രം ഒരു ഇതിഹാസമാണ്. ഇപ്പോഴും ആ പഴയ പ്രതാപത്തിന്റെ പെരുമയിലെങ്കിലും 2022-23 സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ വരെ എത്താന്‍ അവര്‍ക്കായി. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ തകര്‍ച്ചയും വളര്‍ച്ചയും കണ്ടൊരു ക്ലബ്ബ്.. ഇനിയും അവരുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. വീണ്ടും യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകള്‍ക്കും പേടി സ്വപ്‌നമായി റൊസേനേരികള്‍ മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Discussion about this post