തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം രണ്ടായി. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതി റഫീഖ ബീവിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. ഷാരോൺ കേസ് വിധി പ്രസ്താവിച്ച ജഡ്ജി എഎം ബഷീറാണ് റഫീഖയെയും വധശിക്ഷയ്ക്ക് വിധിച്ചത്.
മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയ കേസിലാണ് റഫീഖ ബീവിയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. വിഴിഞ്ഞം സ്വദേശിനി ശാന്തകുമാരി ആയിരുന്നു കൊല്ലപ്പെട്ടത്. മോഷണ ശ്രമം ചെറുത്ത ശാന്തകുമാരിയെ റഫീഖ ബീവിയും കാമുകനും മകനും ചേർന്ന് കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് റഫീക്ക. കേസിൽ വിചാരണ പൂർത്തിയാക്കി കഴിഞ്ഞ വർഷം ആയിരുന്നു ഇവർക്ക് വധശിക്ഷ വിധിച്ചത്.
നെയ്യാറ്റിൻകര കോടതിയിൽ ആയിരുന്നു ഇതിന്റെ വിചാരണ. ഇതേ കോടതിയാണ് ഷാരോൺ കേസും പരിഗണിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ഗ്രീഷ്മയുടെ ക്രൂരതയെക്കുറിച്ചും കോടതി വിധി പ്രസ്താവിക്കുന്നതിന് മുൻപ് വ്യക്തമാക്കി.
പ്രായം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുത്തിന് ശേഷം വേണം ശിക്ഷ പരിഗണിക്കാൻ എന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാവൽ ഈ ആവശ്യം തള്ളിയായിരുന്നു കോടതി വിധി പറഞ്ഞത്.
Discussion about this post