ആലപ്പുഴ: മലയാളത്തിന്റെ അതുല്യകലാകാരൻ തിലകനെ ഓർത്തെടുത്ത് സംവിധായകൻ ആലപ്പി അഷ്‌റഫ്. മലയാള സിനിമയിലെ ധീരനായ പോരാളി ആണ് തിലകൻ എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പണ്ട് തൊട്ടേ എനിക്ക് തിലകനെ അറിയാമായിരുന്നു. അന്നൊക്കെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നല്ല കലാകാരൻ ആയിരുന്നു. അഭിനയ സിദ്ദികൊണ്ട് മാത്രം ഉന്നതിയിൽ എത്തിയ കലാകാരൻ ആണ് തിലകൻ. അല്ലാതെ ആരെയും സോപ്പിടുകയോ ആരുടെയെങ്കിലും പാദസേവ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത് സിനിമയിൽ അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും അംഗീകരിക്കും. സിനിമയിൽ നടക്കുന്ന കുതികാൽവെട്ടോ കൂട്ടിക്കൊടുപ്പോ തിലകൻ ചേട്ടന്റെ ജീവിതത്തിലെ ഏടേ അല്ല.
നേർവഴിയിൽ സഞ്ചരിക്കുന്നവർക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. ഇത്തരത്തിൽ പ്രതിസന്ധി നേരിടേണ്ടി വന്ന വ്യക്തിയാണ് തിലകൻ. ഒരേ സമയം അമ്മയുമായും ഫെഫ്കയുമായും തിലകൻ പിണങ്ങി. ഇതോടെയാണ് അദ്ദേഹത്തിന് പിടിച്ച് നിൽക്കാൻ കഴിയാതെ ആയത്. സംഘടനകളും അദ്ദേഹവും തമ്മിലുള്ള പ്രശ്‌നം തണുപ്പിക്കാൻ ആരും ശ്രമിച്ചില്ല. മറിച്ച് ചൂട് പിടിപ്പിക്കാനെ ശ്രമിച്ചുള്ളൂ. അങ്ങനെ തിലകനെ പരിപൂർണമായി സിനിമയിൽ നിന്നും തിരസ്‌കരിക്കേണ്ട ഘട്ടം വന്നു. സീരിയലിൽ അഭിനയിക്കാനുള്ള ശ്രമവും നടന്നില്ല. താൻ തോൽക്കേണ്ടവൻ അല്ലെന്ന് തിരിച്ചറിഞ്ഞ തിലകൻ നാടകത്തിലേക്ക് തിരിഞ്ഞു.
ഇതിനിടെ ശാരീരിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് അവശൻ ആയ അദ്ദേഹത്തിന്റെ വിലക്ക് ഷാജി കൈലാസ് ഇടപെട്ടാണ് നീക്കിയത്. ഇതിന് ശേഷമാണ് അദ്ദേഹം ഇന്ത്യൻ റുപ്പിയിൽ അഭിനയിച്ചത് എന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
Discussion about this post