ബെൻഫിക്കയുടെ സ്റ്റേഡിയത്തിൽ ഗോൾ മഴ പെയ്തപ്പോൾ അവസാന നിമിഷം വരെ ആവേശം തിരതല്ലിയ മത്സരം. മൂന്ന് പെനാൽറ്റികൾ ഒരു സെൽഫ് ഗോൾ, അവസാനം റെഡ് കാർഡ്. ബാഴ്‌സ-ബെൻഫിക്ക ചാമ്പ്യൻസ് ലീഗ് പോരാട്ടം അക്ഷരാർത്ഥത്തിൽ ഒരു ത്രില്ലറായി മാറി. ഫസ്റ്റ് ഹാഫിൽ 3-1ന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് ബാഴ്‌സലോണ വിലയേറിയ മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.
സ്‌കോർ 4-4 എന്ന നിലയിൽ നിൽക്കെ, സ്റ്റോപ്പേജ് ടൈമിൽ 96 ആം മിനിറ്റിൽ റഫീന്യ നേടിയ ഗോളാണ് ഹാൻസി ഫ്‌ലിക്കിന്റെ ടീമിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ബാഴ്‌സക്കായി റഫീന്യയും ലെവൻഡോവസ്‌കിയും ഇരട്ട ഗോളുകൾ സ്വന്തമാക്കി. എറിക് ഗാർഷ്യ ഒരു ഗോൾ നേടി. പാവ്‌ലിഡിസിന്റെ ഹാട്രിക്കാണ് ബെൻഫിക്കയുടെ ഹൈലൈറ്റ്. പോർച്ചുഗൽ ക്ലബ് അടിച്ച ഒരു ഗോൾ അറാഹോയുടെ സമ്മാനമായിരുന്നു. ജയത്തോടെ 7 മത്സരങ്ങളിൽ നിന്ന് 18 പോയിന്റോടെ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
ചാമ്പ്യൻസ് ലീഗിലെ ഈ സീസണിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ ഏഴിലും ജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. ഫ്രഞ്ച് ക്ലബ് ലീലിനെ 2-1നാണ് റെഡ്‌സ് വീഴ്ത്തിയത്. ലിവർപൂളിനായി മുപ്പത്തിനാലാം മിനിറ്റിൽ മൊഹമ്മദ് സലാഹ് ലീഡ് നേടി. 62 ആം മിനിറ്റിൽ ഡേവിഡിലൂടെ ലീൽ ഒപ്പമെത്തി. പക്ഷേ, പതറാതെ കളിച്ച ലിവർപൂൾ അധികം വൈകാതെ ലീഡ് തിരിച്ചു പിടിച്ചു. ഏലിയട്ടാണ് സ്‌കോർ ചെയ്തത്. 7 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായാണ് ലിവർപൂൾ ടേബിളിൽ ഒന്നാമത് നിൽക്കുന്നത്.
ഹൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ചാമ്പ്യൻസ് ലീഗിൽ
അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. ബയേർ ലെവർകൂസനെ 2-1നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്. 26 ആം മിനിറ്റിൽ ബാരിയോസ് റെഡ് കാർഡ് കണ്ട് പുറത്തു പോയി. പിന്നീട് 10 പേരുമായാണ് സിമിയോണിയുടെ ടീം പൊരുതിയത്.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് സെക്കന്റ് ഹാഫിൽ അൽവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിനായി രണ്ട് ഗോളുകൾ മടക്കിയത്. ഫസ്റ്റ് ഹാഫിന്റെ ഇഞ്ചുറി ടൈമിൽ ഹിൻകാപ്പിയുടെ ഗോളിൽ ലെവർകൂസൻ ലീഡ് എടുത്തു. 52, 90 മിനിറ്റുകളിലായിരുന്നു അൽവാരസിന്റെ സ്‌ട്രൈക്ക്. ഇട്യ്ക്ക് 76 ആം മിനിറ്റിൽ ഹിൻകാപിയും റെഡ് കാർഡ് വാങ്ങിയതോടെ ഇരു ടീമുകളിലും 10 പേർ വീതമായി. ചാമ്പ്യൻസ് ലീഗിൽ 15 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും 13 പോയിന്റുള്ള ലെവർകുസൻ ഏഴാം സ്ഥാനത്തുമാണ്.
Discussion about this post