കഴിഞ്ഞ ദിവസം രാത്രി ഛത്തീസ്ഗഢ്-ഒഡീഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 16 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഈ കൂട്ടത്തിൽ ചലപതി എന്ന പേരിലറിയപ്പെടുന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവും ഉണ്ടായിരുന്നു. മാവോയിസ്റ്റ് പാർട്ടി സെൻട്രൽ കമ്മറ്റിയിലെ മുതിർന്ന അംഗം കൂടിയായ ചലപതിയുടെ തലയ്ക്ക് ഒരു കോടി രൂപയാണ് സുരക്ഷാ സേന വിലയിട്ടിരുന്നത്.
ഛത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരതയും അക്രമവും വളർത്തിയതിൽ മുൻപന്തിയിലായിരുന്നു ജയ്‌റാം റെഡ്ഡി എന്ന കള്ളപ്പേരിൽ അറിയപ്പെട്ടിരുന്ന ചലപതി. ആന്ധ്രാപ്രദേശ് സ്വദേശിയായ ഇയാൾ രാമചന്ദ്ര റെഡ്ഡി, അപ്പറാവു,രാമു എന്നീ പേരുകളിലും പലയിടത്തായി താമസിച്ച് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ഇയാൾ സാധാരണ മാവോയിസ്റ്റ് കേഡറായി പ്രവർത്തനം തുടങ്ങി പാർട്ടിയിലെ ഉന്നത നേതൃത്വത്തിലേക്ക് എത്തിയത്. മാവോയിസ്റ്റുകളുടെ ഉന്നതാധികാര ഘടനയായ കേന്ദ്ര കമ്മറ്റിയിലെ മുതിർന്ന അംഗമായാരിക്കെയാണ് കൊല്ലപ്പെടുന്നത്.
എ.കെ 47, എസ്.എൽ.ആർ തോക്കുകളോടെയുള്ള എട്ട് മുതൽ പത്ത് വരെ മാവോയിസ്റ്റുകളെയാണ് ഇയാളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.രാജ്യം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ആഭ്യന്തര തീവ്രവാദികളിൽ ഏറ്റവും പ്രധാനപ്പെട്ട പേരായിരുന്നു ചലപതിയുടേത്. ഒളിപ്പോരിൽ അഗ്രകണ്യനായിരുന്ന ഇയാളെ പിടികൂടാനുള്ള അടിസ്ഥാന കാരണം ഒരു സെൽഫിയാണ്.
വർഷങ്ങളോളം അയാൾ ആൾമാറാട്ടത്തിലൂടെ രാജ്യത്തിന്റെ പലയിടങ്ങളിലായി താമസിച്ചെങ്കിലും ആന്ധ്ര ഒഡീഷ ബോർഡർ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയുടെ (AOBSZC) ‘ഡെപ്യൂട്ടി കമാൻഡറായ’ ഭാര്യ അരുണയുമായുള്ള ഒരു സെൽഫി സുരക്ഷാ സേനയെ ഭീകരനെ തിരിച്ചറിയാൻ സഹായിച്ചു. 2016 മേയിൽ ആന്ധ്രാപ്രദേശിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് കണ്ടെടുത്ത ഉപേക്ഷിക്കപ്പെട്ട സ്മാർട്ട്‌ഫോണിൽ നിന്നാണ് ചിത്രം കണ്ടെത്തിയത്.
Discussion about this post