മലപ്പുറം : മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകളുടെ ശ്രമഫലമായി കരയ്ക്കെത്തിച്ചു. ഇരുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിക്കിടന്നത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിൽ കാട്ടാന വീണത്.
അറുപത് പേരടങ്ങുന്ന ദൗത്യസംഘമാണ് ആനയെ കിണറ്റിൽ നിന്നും കരയ്ക്ക് കയറ്റാൻ ആയുള്ള പരിശ്രമങ്ങളിൽ പങ്കാളികളായിരുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ആന അവശനിലയിലായിരുന്നതിനാൽ മയക്കു വെടി വയ്ക്കുന്നത് പ്രായോഗികമല്ല എന്ന് മനസ്സിലാക്കിയാണ് മണ്ണിടിച്ച് ആനയെ പുറത്തെത്തിക്കാൻ തീരുമാനിച്ചത്.
ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ദൗത്യസംഘം ആനയെ കരയ്ക്ക് കയറ്റുകയായിരുന്നു. കരയ്ക്ക് കയറിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആന വീണ കിണറിൽ നിന്നും 500 മീറ്റർ ദൂരമാണ് കാട്ടിലേക്ക് ഉള്ളത്. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാരെയും സമീപവാസികളെയും നേരത്തെ തന്നെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചിരുന്നു.
Discussion about this post