എറണാകുളം: കൊച്ചി ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ഋതു ജയനുമായി പോലീസ് പുലര്‍ച്ചെ തന്നെ മിന്നൽ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ പ്രതിയെ കൊല നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയ പോലീസ് നാട്ടുകാർ ഉണരുന്നതിന് മുൻപ് മടങ്ങി. കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
കൊല നടത്തിയ വീട്ടിലാണ് പ്രതിയെ ആദ്യം എത്തിച്ചത്. ഇവിടെ വച്ചാണ് ഋതു മൂന്ന് പേരെയും തലക്കടിച്ചു വീഴ്ത്തിയത്. ഇതിന് പിന്നാലെ നേരെ തൊട്ടു മുന്നിലുള്ള ഋതുവിന്റെ വീട്ടിലും കയറി. നേരത്തെ കോടതിയിൽ ഹാജരാക്കിയ ദിവസം പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായിരുന്നു. ഈ സുരക്ഷാ ഭീഷണി കൂടി കണക്കിലെടുത്തായിരുന്നു അതിരാവിലെ കനത്ത പൊലീസ് കാവലിലുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
ഋതു ജയനെതിരെ നേരത്തെ തന്നെ നാട്ടുകാരിൽ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഋതുവിന്‍റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തിരുന്നു. വീടിന്റെ ജനൽ ചില്ലുകളും മുൻവശത്തെ സിറ്റൗട്ടും പൂർണമായും അടിച്ചു തകർത്തു. കസേരകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകളും തകർത്ത നിലയിലാണുള്ളത്.
ഋതു അറസ്റ്റിലായതിന് പിന്നാലെ മാതാപിതാക്കള്‍ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. അതിനാൽ തന്നെ ആക്രമണം നടക്കുമ്പോള്‍ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
Discussion about this post