പ്രയാഗിലെ കുംഭമേളയെന്തെന്ന് അറിയണമെങ്കിൽ ആദ്യം പ്രയാഗെന്താണെന്ന് അറിയണം. പ്രയാഗ് എന്നതിന്റെ അർത്ഥമെന്തെന്നറിയണം. ഭാരതത്തിൽ എത്ര പ്രയാഗുകളുണ്ടെന്ന് അറിയണം. ആ സ്ഥലങ്ങളുടെ പ്രാധാന്യം തിരിച്ചറിയണം. എന്നാൽ മാത്രമെ അവിടെ നടക്കുന്ന ക്രിയയെന്തെന്നും അതിന്റെ ഫലമെന്തെന്നും മനസ്സിലാക്കാനാകൂ.
പ്രകൃഷ്ടമായ യാഗം നടന്ന സ്ഥലം അല്ലെങ്കിൽ യാഗഫലം തരുന്ന സ്ഥലമെന്ന അർത്ഥത്തിലാണ് പ്രയാഗ് എന്ന് സാമാന്യമായി പറയുന്നത്. പ്രയാഗമെന്ന പദത്തിന് ഇന്ദ്രനെന്നും, അശ്വമെന്നും പറയാറുണ്ട്. അതെന്ത് കൊണ്ട് പറയുന്നു എന്നത് ഇനി തുടർന്നു വരുന്ന ഭാഗങ്ങളിൽ പറയാം.
ഗംഗാ, യമുനാ, സരസ്വതി ഇവയുടെ സംഗമസ്ഥാനമായത് കൊണ്ടാണ് പ്രയാഗിന് തീർഥരാജനെന്ന പേരു ലഭിച്ചിരിക്കുന്നത്. പ്രയാഗിലാണ് ഗംഗാ യമുനയുടെ സംഗമം പ്രത്യക്ഷമായി കാണാനാകുക. സരസ്വതി ഇവിടെ പ്രത്യക്ഷമല്ല, ഗുപ്തമായിട്ടാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഗുപ്തസരസ്വതി സ്ഥാനമായിട്ടും ഇത് അറിയപ്പെടുന്നു. മത്സ്യപുരാണം പറയുന്നത് അനുസരിച്ച് വിശ്വത്തിന്റെ ലയകാലത്തിൽ പ്രയാഗിന് നാശം ഉണ്ടാകുന്നില്ല. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ ഇവർ പ്രയാഗത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്തര ഭാഗത്ത് ബ്രഹ്മാവ് ഗുപ്തരൂപത്തിൽ സ്ഥിതി ചെയ്യുന്നു. വിഷ്ണുവാകട്ടെ വേണീ മാധവന്റെ രൂപത്തിലും ശിവനാകട്ടെ അക്ഷവടത്തിന്റെ രൂപത്തിലും ഇവിടെ സ്ഥിതിചെയ്യുന്നതായിട്ടാണ് പറയുന്നത്.
ഗോമുഖത്തിൽ നിന്ന് ഒഴുകി ഉത്തരകാശിയിലെ ഗംഗോത്രിയിൽ നിന്നാണ് ഭാഗീരഥി പുറപ്പെടുന്നത്. ഭാഗീരഥിയും അളകനന്ദയും ദേവപ്രയാഗിൽ സംഗമിക്കുന്നു. തുടർന്ന് അതിനെ വിളിക്കുന്നത് ഗംഗയെന്ന പേരിലാണ്.
ഈ ഗംഗയുടെ സംഗമങ്ങൾ പല സ്ഥലങ്ങളിലായി പറയുന്നുണ്ട്. ഭാരതത്തിൽ സംഗമങ്ങളെ ആധാരമാക്കി അനേകം തീർഥസ്ഥാനങ്ങളുണ്ടെങ്കിലും പ്രധാനമായി പതിനാല് പ്രയാഗുകളുണ്ട്.
ആദ്യത്തെ പ്രയാഗ് രാജ് നെ സ്വീകരിച്ച് തുടങ്ങിയാൽ പ്രയാഗ് – ഇവിടെയാണ് ഗംഗാ യമുനാ ഗുപ്തസരസ്വതീ മേളനം നടക്കുന്നത്. രണ്ടാമത്തേത് കർണ്ണപ്രയാഗ് ആണ്, അവിടെ അളകനന്ദയും മന്ദാകിനിയും സംഗമിക്കുന്നു.കർണ്ണപ്രയാഗിൽ പിണ്ഡരഗംഗയും അളകനന്ദയും സംഗമിക്കുന്നു. ദേവപ്രയാഗിൽ അളകനന്ദയും ഭാഗീരഥിയും സംഗമിക്കുന്നു. നന്ദപ്രയാഗിൽ അളകനന്ദയും നന്ദയും സംഗമിക്കുന്നു. സോമപ്രയാഗിൽ സോമനദിയും മന്ദാകിനിയും സംഗമിക്കുന്നു. വിഷ്ണുപ്രയാഗിൽ വിഷ്ണുഗംഗയും അളകനന്ദയും സംഗമിക്കുന്നു. ഇന്ദ്രപ്രയാഗിൽ ഭാഗീരഥിയും വ്യാസഗംഗയും സംഗമിക്കുന്നു. സൂര്യപ്രയാഗിൽ അളകനന്ദയും മന്ദാകിനിയും സംഗമിക്കുന്നു. ഹരിപ്രയാഗിൽ ഹരിഗംഗയും ഭാഗീരഥിയും സംഗമിക്കുന്നു. ഗുപ്തപ്രയാഗിൽ നീലഗംഗയും ഭാഗീരഥിയും സംഗമിക്കുന്നു. ഭാസ്കരപ്രയാഗിൽ ഗംഗയും നവളയും ശംഖധാരിയും സംഗമിക്കുന്നു.
കേശവപ്രയാഗിൽ അളകനന്ദയും സരസ്വതിയും സംഗമിക്കുന്നു. ശ്യാമപ്രയാഗിൽ ശ്യാമഗംഗയും ഭാഗീരഥിയും സംഗമിക്കുന്നു.ഇതിൽ പ്രയാഗരാജ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, ദേവപ്രയാഗ്, നന്ദപ്രയാഗ് ഇവയ്ക്കാണ് പ്രാധാന്യം. ഉത്തരാഖണ്ഡ് ദേശത്തെ ആധാരമാക്കി നോക്കിയാൽ ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ് ഇവയാണ് പ്രധാനമായ അഞ്ച് പ്രയാഗുകൾ. ഈ ഓരോ പ്രയാഗുകൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. അതിൽ പ്രയാഗ് രാജിനെയാണ് തീർഥരാജനെന്ന് വിളിക്കുന്നത്.ഇതിൽ പ്രയാഗ് രാജ് നെ കുറിച്ച് പ്രധാനപ്പെട്ട എല്ലാ പുരാണങ്ങളും, തീർഥമാഹാത്മ്യങ്ങളും, ഇതിഹാസങ്ങളും അനേക തരത്തിൽ വിശദീകരിക്കുന്നുണ്ട്.
അഭിനവ ബാലാനന്ദഭൈരവ
Discussion about this post