ഓസ്‌കറിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ ‘അനുജ’. ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’ തിരഞ്ഞെടുക്കപ്പെട്ടത്. അനുജയിലെ 9 വയസുകാരി സജ്ദ പഠാന് സിനിമിലെ പോലെ തന്നെ ഓരോരുത്തരുടെയും മനസ്സ് കീഴടക്കുന്ന ഒരു കഥയുണ്ട്. ആരാണ് 9 വയസുകാരി സജ്ദ പഠാൻ ….?
ദാരിദ്ര്യത്തിൽ ജനിച്ചു വളർന്നു. ചെറുപ്പത്തിലെ തന്നെ ബാലവേല ചെയ്യാൻ നിർബന്ധിതയായി. അന്നാന്ന് ജീവിക്കാനായി ചെറുപ്പത്തിലെ തന്നെ വേല ചെയ്യേണ്ടതായി വന്നു. എന്നാൽ തെരുവ് കുട്ടികളെ സഹായിക്കുന്ന ഒരു എൻജിഒയായ സലാം ബാലക് ട്രസ്റ്റ് അവളെ രക്ഷിച്ചതോടെ അവളുടെ ജീവിതം മാറി മറഞ്ഞു. ട്രസ്റ്റിന്റെ എസ്ബിടി ഡേ കെയർ സെന്ററിലാണ് സജ്ദ ഇപ്പോൾ താമസിക്കുന്നത്. ഈ എളിയ തുടക്കങ്ങളിൽ നിന്ന്, അവൾ അന്താരാഷ്ട്ര അംഗീകാരത്തിലേക്ക് ഉയർന്നു, 2025 ലെ അക്കാദമി അവാർഡിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള നോമിനേഷൻ നേടിയ അനുജ എന്ന ഷോർട്ട് ഫിലിമിന്റെ മുഖമായിമാറി.
അനുജ സജ്ദയുടെ രണ്ടാമത്തെ ചിത്രമാണ്. മുൻപ് ലെറ്റിഷ്യ കൊളംബാനി സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ദി ബ്രെയ്ഡാണ് (ലാ ട്രെസ്സെ) ആദ്യ ചിത്രം. അനുജ’ നിർമ്മിക്കുന്നതിൽ സലാം ബാലക് ട്രസ്റ്റും പങ്കാളികളായിരുന്നു. ആദം ജെ ഗ്രേവ്സും സുചിത്ര മട്ടായിയും ചേർന്ന് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രണ്ട് തവണ ഓസ്‌കാർ നേടിയ നിർമ്മാതാവ് ഗുണീത് മോംഗയും നദി പ്രിയങ്ക ചോപ്രയുമാണ്. ഹോളിവുഡ് നടൻ മിൻഡി കാലിംഗാണ് നിർമ്മാതാവ്. മാർച്ച് രണ്ടിന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് 2025 ലെ അക്കാദമി അവാർഡുകളുടെ പ്രഖ്യാപനം. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് വിഭാഗത്തിൽ ‘എ ലിയൻ’, ‘ഐ ആം നോട്ട് എ റോബോട്ട്’, ‘ദി ലാസ്റ്റ് റേഞ്ചർ’, ദ മാൻ ഹു വുഡ് റിമെയ്ൻ സൈലന്റ്’ എന്നെ ചിത്രങ്ങൾക്കൊപ്പമാണ് ‘അനുജ’ മത്സരിക്കുന്നത്.
ബാലവേല പ്രമേയമാക്കിയ ഹ്രസ്വചിത്രമാണ് ‘അനുജ’. ഡൽഹിയിലെ വസ്ത്ര നിർമാണ ശാലയിൽ ജോലി ചെയ്യുന്ന ഒൻപത് വയസുകാരിയുടെ കഥയാണ് ചിത്രം. മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങൾ അന്തിമ നോമിനേഷൻ പട്ടികയിൽ ഇടം നേടി. ദ ബ്രൂട്ടലിസ്റ്റ്, എമിലിയ പെരസ്, വിക്ക്ഡ് എന്നീ ചിത്രങ്ങൾക്ക് പത്ത് വീതം നോമിനേഷനുകൾ. 23 വിഭാഗങ്ങളിലായി ആകെ 120 നോമിനേഷനുകളാണ് ഉള്ളത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ് 13 നോമിനേഷനുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
Discussion about this post