ടെൽ അവീവ് : ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് നാല് വനിതാ ഇസ്രായേൽ സൈനികരെ ഇന്റർനാഷണൽ റെഡ് ക്രോസിന് കൈമാറി . കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നീ സൈനികരെയാണ് കൈമാറിയത്. 477 ദിവസത്തോളം ഇവരെ ഹമാസ് തടവിലാക്കിയിരിക്കുകയായിരുന്നു.
ഗാസ സിറ്റിയിലെ ഒരു സ്‌ക്വയറിൽ ഹമാസ് ഒരുക്കിയ വേദിയിലാണ് സ്ത്രീകളെ കൈമാറിയത്. അവർ സൈനിക ശൈലിയിലുള്ള യൂണിഫോം ധരിച്ചിരുന്നു. ബന്ദികളെ വഹിച്ചുള്ള വാഹനം ഇപ്പോൾ ഗാസയിൽ നിന്ന് പുറപ്പെട്ടു എന്നാണ് വിവരം.
ഒക്ടോബർ ഏഴിന് നടത്തിയ മിന്നൽ ആക്രമണത്തിനൊപ്പം പിടിച്ചു കൊണ്ടുപോയ നാല് വനിതാ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചിരിക്കുന്നത്. പകരമായി ജയിലുകളിൽ കഴിയുന്ന 200 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും .
ഇസ്രയേൽ വിട്ടയയ്ക്കുന്ന പലസ്തീൻ തടവുകാരിൽ 120 പേർ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽകിടക്കുന്നവരാണ്.
ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. ഒക്ടോബർ ഏഴിന് ഗാസ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള നഹാൽ ഓസ് സൈനിക താവളത്തിൽ നടന്ന ആക്രമണത്തിനിടെ പിടികൂടിയ നാല് സൈനികരെ വിട്ടയക്കുമെന്ന് ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത് ജനുവരി 19 നാണ്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായത്. 15 മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷമാണ് ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്.
Discussion about this post