അമേരിക്കന്‍ യുവത്വത്തിന് ലൈംഗികതയോട് താത്പര്യം കുറയുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. നാഷണല്‍ സര്‍വേ ഓഫ് ഫാമിലി ഗ്രോത്ത് പുറത്തുവിട്ട വിവരങ്ങള്‍ വിശകലനം ചെയ്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലൈംഗികതയോട് യുവാക്കള്‍ക്കുള്ള വിരക്തി ഞെട്ടിക്കുന്നതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 22-നും 34-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ ലൈംഗികതയില്ലായ്മയാണ് ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍വേ പ്രകാരം 10 ശതമാനം പുരുഷന്മാരും ഏഴ് ശതമാനം സ്ത്രീകളും തങ്ങള്‍ ഇതുവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് പറയുന്നത്. പുരുഷന്മാരിലെ ലൈംഗിക വിരക്തി കഴിഞ്ഞ 10 വര്‍ഷത്തെ താരതമ്യം ചെയ്താല്‍ ഇരട്ടിയോളമായി. എന്നാല്‍ സ്ത്രീകളില്‍ ഇത് 50 ശതമാനമാണ് വര്‍ധിച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലൈംഗികബന്ധത്തിലേര്‍പ്പെടാത്തവരാണ് 35 ശതമാനം പുരുഷന്മാരും 31 ശതമാനം സ്ത്രീകളും. മുന്‍പ് ഇത് യഥാക്രമം 20 ശതമാനവും 21 ശതമാനവുമായിരുന്നു. വിവാഹിതരായവരാണ് കൂടുതലായി ലൈംഗികബന്ധത്തിലേര്‍പ്പെടുക. വിവാഹങ്ങളിലെ കുറവാണ് യുവാക്കളിലെ ലൈംഗികബന്ധത്തിലെ കുറവിനും കാരണമെന്നാണ് വിലയിരുത്തല്‍.
സി.ഡി.സിയുടെ നാഷനല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്, യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിന്റെ പിന്തുണയോടെ എല്ലാ വര്‍ഷവും നടത്തുന്ന സര്‍വേയാണ് ഇത്. 15 മുതല്‍ 49 വയസുവരെ പ്രായമുള്ളവരെ നേരില്‍ സന്ദര്‍ശിച്ചാണ് വിവരശേഖരണം.
Discussion about this post