ന്യൂഡൽഹി: ഇന്ത്യയയുടെ അത്യാധുനിക പ്രതിരോധസംവിധാനമായ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകൾ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇന്തോനേഷ്യ. ഇന്ത്യൻ വിമാനവാഹിനിക്കപ്പൽ സാങ്കേതികവിദ്യയിലും ഇന്തോനേഷ്യൻ സൈന്യം അതീവതാത്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയുമായി കപ്പൽ നിർമാണ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ.
സൈനിക സഹകരണം ചർച്ച ചെയ്യുന്നതിനും മിസൈലിന്റെ കഴിവുകൾ വിലയിരുത്തുന്നതിനുമായി മേജർ ജനറൽ യുനിയാന്റോയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്തോനേഷ്യൻ പ്രതിനിധി സംഘം ബ്രഹ്‌മോസ് എയ്റോസ്പേസ് സന്ദർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ത്യയും ഇന്തോനേഷ്യയും 450 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് വിവരം.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉന്നതതല പ്രതിരോധ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കും. ജക്കാർത്തയിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്തോനേഷ്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും വേണ്ടി ഇന്ത്യൻ കപ്പൽശാലകൾ നിർമ്മിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യും.
വിദേശരാജ്യങ്ങൾ ക്യൂവിലാണെന്നാണ് വിവരം. ഫിലിപ്പൈൻസ് 2022ൽ 30.75 കോടി ഡോളറിന്റെ ബ്രഹ്‌മോസ് മിസൈൽ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ വിയറ്റ്‌നാം 70 കോടി ഡോളറിന്റെ വമ്പൻ ബ്രഹ്‌മോസ് മിസൈൽ കരാറിൽ ഒപ്പുവച്ചു.
ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്. അതായത് മുൻകൂട്ടി നിശ്ചയിച്ച, കരയിലെയോ കടലിലെയോ ലക്ഷ്യത്തിലേക്ക് നയിക്കാനാകും. ശബ്ദത്തിന്റെ 2.8 മടങ്ങ് (മാക് 2.8) വേഗത കൈവരിക്കാൻ കഴിവുള്ള ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്. ബ്രഹ്‌മപുത്ര, മോസ്‌ക്വ നദികളുടെ പേരുകളുടെ സംയോജനമാണു ബ്രഹ്‌മോസ്. ഡിആർഡിഒയും റഷ്യയിലെ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംരംഭമായ ബ്രഹ്‌മോസ് എയ്റോസ്പേസാണു മിസൈൽ നിർമിക്കുന്നത്. 1998 ലാണു കമ്പനിക്കു രൂപം കൊടുത്തത്. ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ആദ്യ പതിപ്പ് 2005 ൽ ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയിരുന്നു. ഐഎൻഎസ് രജപുത്രയിലാണു മിസൈൽ സ്ഥാപിച്ചത്.
Discussion about this post