ന്യൂഡൽഹി: ബി ജെ പി ഭരിക്കുന്ന ഹരിയാന സർക്കാർ യമുന നദിയിലേക്ക് “വിഷം” ഒഴുക്കിയെന്ന ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തെ ഡൽഹി ജലബോർഡ് സിഇഒ ശിൽപ ഷിൻഡെ തിങ്കളാഴ്ച നിഷേധിച്ചു.
ആരോപണങ്ങൾ “വസ്തുതാപരമായി തെറ്റും , അടിസ്ഥാനരഹിതവും , തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ശിൽപ ഷിൻഡെ വ്യക്തമാക്കി. ഡൽഹി ചീഫ് സെക്രട്ടറി ധർമ്മേന്ദ്രയ്ക്ക് അയച്ച കത്തിൽ, അത്തരം അവകാശവാദങ്ങൾ അന്തർസംസ്ഥാന ബന്ധങ്ങൾക്കും പൊതുജനവിശ്വാസത്തിനും വലിയ ദോഷമുണ്ടാക്കുമെന്നും അവർ തുറന്നടിച്ചു.
ഡൽഹി ജൽ ബോർഡ് (ഡിജെബി) പതിവായി ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും ആവശ്യാനുസരണം അതിന്റെ സംസ്കരണ പ്രക്രിയകൾ ക്രമീകരിക്കുകയും ചെയ്യുന്നുവെന്ന് ഷിൻഡെയുടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
“ശൈത്യകാലത്ത്, യമുനയിലെ അമോണിയയുടെ അളവ് സ്വാഭാവികമായും വർദ്ധിക്കുന്നത് ജലപ്രവാഹം കുറയുന്നതും സംസ്കരിക്കാത്ത മലിനജലമോ വ്യാവസായിക മാലിന്യങ്ങളോ മുകളിലേക്ക് കലരുന്നതും മൂലമാണ്. ഡിജെബിയുടെ ജലശുദ്ധീകരണ പ്ലാന്റുകൾ കാരിയർ ലൈൻഡ് ചാനലിൽ നിന്നും ഡൽഹി സബ്-ബ്രാഞ്ചിൽ നിന്നുമുള്ള വെള്ളം ഉപയോഗിച്ച് ഈ അമോണിയ നേർപ്പിക്കുകയാണ് ഇതിന് പരിഹാരമായി ചെയ്യുന്നത്.
ഇത്തരം “ഭീതി ജനിപ്പിക്കുന്ന പ്രസ്താവനകൾ” ഡൽഹി നിവാസികളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, ഒരു പ്രധാന അയൽ സംസ്ഥാനമായ ഹരിയാനയുമായുള്ള ബന്ധത്തെ തകർക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വിഷയം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയ്ക്ക് കൈമാറാൻ ഡിജെബി സിഇഒ ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിച്ചു.
ഇതേതുടർന്ന് അന്തർസംസ്ഥാന ബന്ധങ്ങളിൽ കെജ്രിവാളിന്റെ അസത്യ പ്രചാരണം ഉണ്ടാക്കിയേക്കാവുന്ന സ്വാധീനം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടുള്ള ഷിൻഡെയുടെ കുറിപ്പ് ചീഫ് സെക്രട്ടറി ലെഫ്റ്റനന്റ് ഗവർണർക്ക് കൈമാറി.
Discussion about this post