ന്യൂഡൽഹി: അമേരിക്കൻ സുപ്രീംകോടതി അനുമതി നൽകിയതോടെ മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എൻഐഎ സംഘം ഉടൻ അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കയിലെ വിവിധ ഏജൻസികളായി ഇന്ത്യ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസാണ് അമേരിക്കൻ സുപ്രീംകോടതി റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകിയത്. ഇതിന് തൊട്ട് പിന്നാലെ തന്നെ റാണയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നിയമ നടപടികൾ ആരംഭിക്കുകയായിരുന്നു. അമേരിക്കയിൽ നിന്നും ഏറ്റവും അടുത്ത ദിവസം തന്നെ റാണയെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവിൽ എൻഐഎ നീക്കം നടത്തുന്നത്. ഇതിനായി സംഘം അമേരിക്കയിൽ തങ്ങും.
മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട വിചാരണകൾക്കായി ഇന്ത്യയ്ക്ക് കൈമാറരുത് എന്ന് ആവശ്യപ്പെട്ട് റാണ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇത് സുപ്രീംകോടതി തള്ളുകയായിരുന്നു. ഇതോടെയാണ് റാണയുടെ കൈമാറ്റത്തിനുള്ള വഴി ഒരുങ്ങിയത്. കേസിലെ റാണയുടെ പങ്ക് വ്യക്തമാക്കുന്ന മുഴുവൻ തെളിവുകളും അമേരിക്കയ്ക്ക് ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കോടതിയുടെ അനുകൂല ഉത്തരവ്.
ലഷ്‌കർ ഇ ത്വയ്ബ ഭീകരനാണ് തഹാവൂർ റാണ. പാകിസ്താൻ ഐഎസ്‌ഐയുമായും ഇയാൾക്ക് ബന്ധമുണ്ട്. 2008 ൽ മുംബൈയിൽ ഉണ്ടായ ആക്രമണത്തിന്റെ സൂത്രധാരൻ ആണ് ഇയാൾ. അന്ന് ഇയാൾ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ പൗരൻ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
Discussion about this post