ന്യൂയോർക്ക്: ഭൂമിയെ കാത്തിരിക്കുന്നത് അതിശക്തമായ സൗരക്കൊടുങ്കാറ്റുകളാണെന്ന് വ്യക്തമാക്കി നാസ. ആസ്‌ടോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പങ്കുവച്ച പഠനത്തിലാണ് നിർണായക വിവരങ്ങൾ നാസ പങ്കുവച്ചത്. സൂര്യനിലെ പ്രവർത്തനങ്ങൾ അതിന്റെ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നതായും നാസ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഡിസംബർ ആറിന് ആണ് നാസ പഠനം പ്രസിദ്ധീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന അമേരിക്കൻ ആസ്‌ട്രോണമിക്കൽ സൊസൈറ്റി യോഗത്തിനിടെ ഈ പഠനം നാസ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ പഠനത്തിന് മാദ്ധ്യമ ശ്രദ്ധ ലഭിച്ചത്.
നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി സാറ്റ്‌ലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ അപഗ്രഥനം ചെയ്തുകൊണ്ടാണ് നാസ നിർണായക നിരീക്ഷണത്തിൽ എത്തിയിരിക്കുന്നത്. സൂര്യനിൽ നല്ല തിളക്കമേറിയ കൊറോണൽ ലൂപ്പുകൾ നാസയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്നും ചെറിയ ജ്വാലകൾ പ്രവഹിക്കാറുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.
സൂര്യനിൽ പൊട്ടിത്തെറി ഉണ്ടാകുന്നതിന് മണിക്കൂറുകൾ മുൻപാണ് ഇത്തരം ജ്വാലകൾ പ്രവഹിക്കുന്നത്. ഇത് ബഹിരാകാശത്തെ കാലവസ്ഥ സംബന്ധിച്ച പഠനങ്ങളിൽ നിർണായകം ആകും. നിലവിൽ സൂര്യൻ സൗരചക്രത്തിന്റെ അന്തിമ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇതിന്റെ ഭാഗമായി നിരവധി പൊട്ടിത്തെറികൾ സൂര്യനിൽ ഉണ്ടാകും. ഇത് ശക്തിയേറിയ സൗരക്കാറ്റുകൾക്ക് കാരണം ആകും. ഇതാണ് ഭൂമിയ്ക്ക് അപകടമായി ഭവിക്കുക.
അടുത്തിടെ വീശിയ ശക്തിയേറിയ സൗരക്കാറ്റിൽ ചില ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ സൂര്യനിൽ പ്രവർത്തനങ്ങൾ തുടർന്നാൽ അത് ഭൂമിയ്ക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കും.
Discussion about this post