കൊച്ചി : സിനിമ താരം നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് 2019 ൽ പ്രയാഗിൽ നടന്ന അർദ്ധ കുംഭമേളയിൽ. ജുന അഖാഡയിലെ ശ്രീമഹന്ത് പരമേശ്വർ ഭാരതിയുടെ ശിഷ്യയായിട്ടായിരുന്നു അവന്തിക സന്യാസദീക്ഷ സ്വീകരിച്ചത്. സിപിഐ എം.എല്ലിന്റെ സജീവ പ്രവർത്തനായിരുന്ന എം.ആർ. പവിത്രന്റെയും കലാമണ്ഡലം വിമലാദേവിയുടേയും മകളാണ് പൂർവ്വാശ്രമത്തിൽ അഖില വിമലായിരുന്ന അവന്തിക ഭാരതി.
ഭാരതത്തിലെ, അഖാഡകളിലെ ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമാണ് ജൂനാ അഖാഡ. ധർമ്മ സംരക്ഷണത്തിനായി ആയുധമെടുക്കുന്ന പാരമ്പര്യമാണ് ജുനാ അഖാഡയ്ക്കുള്ളത്. 13 അഖാഡകളിലെ ശൈവ പാരമ്പര്യം പിന്തുടരുന്ന ഏഴ് അഖാഡകളിലൊന്നാണ് ജൂന അഖാഡ. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജാണ് ജൂന അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വർ . കണ്ണൂർ സ്വദേശിനിയായ അഖില യുഎസിലാണ് തന്റെ ഉപരിപഠനം പൂർത്തിയാക്കിയത്. 2021 ൽ ജെഎൻയുവിലെ സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് എസ്‌തെറ്റിക്‌സിൽ നിന്ന് തിയേറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2016 ൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ മെലോൺ സ്‌കൂൾ ഓഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ചിൽ ഫെലോ ആയിരുന്നു. 2021 ൽ,ഡിസെബിലിറ്റി പെർഫോമൻസിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് തിയേറ്റർ റിസർച്ച് ന്യൂ സ്‌കോളേഴ്‌സ് അവാർഡും അഖിലയ്ക്ക് ലഭിച്ചിട്ടുണ്ട്.
തൃശൂർ ചാലക്കുടി സ്വദേശിയും മുൻ എസ്.എഫ്.ഐ നേതാവുമായിരുന്ന സാധു ആനന്ദവനം സ്വാമികളെ ഈ കുംഭമേളയിൽ ജൂന അഖാഡയിലെ മഹാമണ്ഡലേശ്വരായി അഭിഷേകം ചെയ്തിരുന്നു. കേരളം ആസ്ഥാനമാക്കിയിട്ടുള്ള ആദ്യ മഹാമണ്ഡലേശ്വരാണ് ആനന്ദവനം ഭാരതി. ഈ വാർത്ത ചർച്ചയാവുന്നതിനിടെയാണ് അഖില വിമൽ അവന്തിക ഭാരതിയായ വാർത്തയും പുറത്തുവന്നത്
Discussion about this post