തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
· രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.
· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
· ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
· തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക.
· കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.
· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
· കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
· ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ വീട്ടിൽ ആളുള്ളപ്പോൾ പകൽ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.
· ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.
Discussion about this post