ന്യൂഡൽഹി : തൃശ്ശൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട് 13 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകനെ വെറുതെവിട്ട് സുപ്രീംകോടതി. കൊരട്ടിയില്‍ സിപിഎം പ്രവർത്തകന്‍ രാമകൃഷ്‌ണൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായി ജയിലിൽ കഴിയേണ്ടി വന്ന ബിജെപി പ്രവർത്തകന്‍ വിനോഭായിയെ ആണ് സുപ്രീം കോടതി വെറുതെവിട്ടത്. കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് വിനോഭായിയെ വെറുതെ വിട്ടത്.
വിനോഭായിക്കെതിരായി അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. ജസ്‌റ്റിസ് അഭയ് എസ് ഓകാ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിനോഭായിയെ വെറുതെവിട്ടത്. 2010 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട രാമകൃഷ്‌ണൻ നേരത്തെ വിനോഭായിയുടെ ജേഷ്ഠ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു. എന്നാൽ രാമകൃഷ്‌ണനെ പിന്നീട് കൊലക്കേസിൽ കോടതി വെറുതെ വിട്ടിരുന്നു. ഇതിന്‍റെ പകയിൽ വിനോഭായ് രാമകൃഷ്ണനെ കൊന്നു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ കേസിലെ സാക്ഷികളായ രണ്ട് പേരുടെ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിനോഭായിയുടെ ശിക്ഷ റദ്ദാക്കി വെറുതെവിട്ടത്. വിനോഭായ്ക്കായി അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ഹാജരായത്. സംസ്ഥാന സർക്കാരിനായി സ്‌റ്റാൻഡിങ് കൗൺസിൽ ഹർഷദ് വി ഹമീദും ഹാജരായി.
Discussion about this post