ജയ്പൂർ: ലിവ്- ഇൻ റിലേഷനുകൾ ഇനി മുതൽ ഏതെങ്കിലും സർക്കാർ അധിഷ്ടിത സ്ഥാപനങ്ങളിലോ ട്രിബ്യൂണലുകളിലോ രജിസ്റ്റർ ചെയ്യണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുന്നതുവരെ ഇത്തരം ബന്ധങ്ങളിൽ രജ്ിസ്‌ട്രേഷൻ നിർബന്ധമാണെന്ന് കോടതി ഉത്തരവിട്ടു. ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമ ഘടന തയ്യാറാക്കണമെന്ന് സംസ്ഥാന സർക്കാരിനും കേന്ദ്ര സാമൂഹിക ക്ഷേമ, നീതിന്യായ സെക്രട്ടറിക്കും ജസ്റ്റിസ് അനൂപ് കുമാർ ദണ്ഡിന്റെ സിംഗിൾ ബെഞ്ച് നിർദേശിച്ചു. മാർച്ച് 1നകം ഉത്തരവ് പ്രാബല്യത്തിൽ വരണമെന്നാണ് നിർദേശം.
സിക്കാർ ജില്ലയിൽ നിന്നുള്ള ഒരു വ്യക്തിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ ഏർപ്പെട്ടിരുന്ന, വിവാഹിതയായ ഒരു സ്ത്രീ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവ്. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ ജസ്റ്റിസ് ദണ്ഡ്, കേന്ദ്രവും സംസ്ഥാന സർക്കാരും ചേർന്നാണ് നിയമനിർമ്മാണം നടത്തേണ്ടതെന്നും വ്യക്തമാക്കി. സർക്കാർ ഉചിതമായ നിയമനിർമ്മാണം നടത്തുന്നതുവരെ, അത്തരം പങ്കാളികളുടെയോ ദമ്പതികളുടെയോ പരാതികൾ പരിഹരിക്കാനായി അത്തരം ലൈവ്-ഇൻ-റിലേഷൻഷിപ്പുകൾ രജിസ്റ്റർ ചെയ്യുന്ന കാര്യം പരിശോധിക്കാൻ സംസ്ഥാനത്തെ ഓരോ ജില്ലയിലും ഒരു യോഗ്യതയുള്ള അതോറിറ്റി സ്ഥാപിക്കണം. ഈ ബന്ധത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഒരു വെബ്സൈറ്റ് പോർട്ടൽ ആരംഭിക്കണമെന്നും കോടതി വ്യക്തമാക്കി.
അത്തരം ബന്ധങ്ങൾ പലപ്പോഴും സമൂഹം അംഗീകരിക്കുന്നില്ലെങ്കിലും, അവ നിയമപരമായി നിരോധിക്കപ്പെട്ടിട്ടില്ല. ലിവ്-ഇൻ റിലേഷൻഷിപ്പിലുള്ള നിരവധി ദമ്പതികൾ കുടുംബങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു. സംരക്ഷണം ആവശ്യപ്പെട്ട് അവർ കോടതികളെ സമീപിക്കുന്നു. ദിവസവും നിരവധി ഹർജികളാണ് സമർപ്പിക്കപ്പെടുന്നതെന്നും കോടതി പറഞ്ഞു.
Discussion about this post