ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരിഹസിച്ച മുൻ കോൺഗ്രസ് അദ്ധ്യക്ഷയും എംപിയുമായിരുന്ന സോണിയ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. സോണിയയുടെത് അപമാനകരമായ പരാമർശമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സോണിയാ ഗാന്ധി രാഷ്ട്രപതിക്കെതിരെ നടത്തിയത് വലിയ അനാദരവാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി പ്രസിഡന്റുമായ ജെപി നദ്ദ വിമർശിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയ ഗാന്ധി രാഷ്ട്രപതിയെ പാവം എന്ന് പരിഹസിച്ചത് അത്യധികം അനാദരവാണ്. ഉയർന്ന ഭരണഘടനാ പദവിയുടെ അന്തസ്സിനോടുള്ള പ്രതിപക്ഷത്തിന്റെ തുടർച്ചയായ അവഗണനയെയാണ് ഇത് അടിവരയിടുന്നത്. നിർഭാഗ്യവശാൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല’- നദ്ദ എക്സിൽ കുറിച്ചു.
രാഷ്ട്രപതി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് എണ്ണിപ്പറയുമ്പോൾ, പ്രതിപക്ഷം അവരുടെ ഫ്യൂഡൽ മാനസികാവസ്ഥ കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉണ്ടായ പിന്നോക്കാവസ്ഥയിലുള്ളവരുടെയും സ്ത്രീകളുടെയും ശാക്തീകരണത്തെ പരിഹസിക്കുകയാണ്. രാഷ്ട്രപതിയോടും ആദിവാസി സമൂഹത്തോടും സോണിയ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ആദിവാസി സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ ഫ്യൂഡൽ മനോഭാവമാണ് സോണിയയുടെ പ്രതികരണമെന്ന് ബിജെപി എംപി സുകാന്ത മജുംദാർ കുറ്റപ്പെടുത്തി.
ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെയാണ് സോണിയ ഗാന്ധി പരിഹസിച്ചത്. പാവം രാഷ്ടപതി, വായിച്ചു തളർന്നു സംസാരിക്കാൻ പോലും വയ്യാതായെന്നും പ്രസംഗത്തിൽ മുഴുവൻ വ്യാജവാഗ്ദാനങ്ങളായിരുന്നെന്നും സോണിയ പറഞ്ഞു.വളരെ ബോർ ആയിരുന്നു പ്രസംഗമെന്നും ഒരേ കാര്യം തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും പറഞ്ഞ് രാഹുൽ ഗാന്ധിയും സോണിയയെ പിന്തുണച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാർലമെന്റിന് പുറത്തെത്തിയപ്പോഴായിരുന്നു സോണിയയുടെ പ്രതികരണം. ‘പ്രസംഗത്തിന്റെ അവസാനത്തോടെ രാഷ്ട്രപതി വളരെ ക്ഷീണിതയായിരുന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല. പാവം’ എന്നായിരുന്നു സോണിയയുടെ പ്രതികരണം.
Discussion about this post