ദോഹ: ഖത്തറില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് ഗുരുതര പരിക്കേറ്റു ഉംസലാല്‍ ഏരിയയിലെ വളര്‍ത്തുകേന്ദ്രത്തില്‍വെച്ച് സ്വദേശിയായ പതിനേഴുകാരന് നേരെയാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്. പ്രാദേശിക അറബി പത്രമായ അല്‍ ശര്‍ഖ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലയ്ക്കും മുഖത്തും പരിക്കേറ്റ യുവാവ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വിശ്രമത്തിലാണ്.
ജനുവരി പന്ത്രണ്ടിനാണ് ഈ സംഭവം നടന്നത്. ഈ കൗമാരക്കാരന്‍ 2022ല്‍ നാല് മാസം പ്രായമുള്ള സിംഹത്തെ വളര്‍ത്താനായി ദത്തെടുത്തിരുന്നു. എന്നാല്‍ സിംഹത്തില്‍ നിന്ന് അലര്‍ജി പിടിപെട്ടതോടെ അതിനെ പരിപാലിക്കുന്നതിനായി വിദഗ്ധനായ ഒരാളെ ഏല്‍പിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് തവണ മാത്രമാണ് പതിനേഴുകാരന്‍ സിംഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയത്. ആ സമയത്തെല്ലാം സിംഹം കൂട്ടിലടച്ച നിലയിലായിരുന്നു. ഇത്തവണ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സിംഹം കൂട്ടിന് പുറത്തായിരുന്നു. ഈ സമയം പരിശീലകന് കീഴിലുള്ള ഏഴ് വയസ് പ്രായമുള്ള മറ്റൊരു സിംഹം പതിനേഴുകാരനെ ആക്രമിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത്തരം മൃഗങ്ങളെ അരുമകളാക്കി വളര്‍ത്തുന്ന സ്വഭാവം അറബ് രാജ്യങ്ങളിലുണ്ടെന്നും അത് നിര്‍ത്തേണ്ട സമയമായെന്നും വിമര്‍ശകര്‍ പറയുന്നു.
Discussion about this post