കൊച്ചി: സംസ്ഥാന സർക്കാരിന്റെ പാലക്കാട് ബ്രൂവറി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തി പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. എവിടെയൊക്കെ അൽപ്പം ശുദ്ധജലമുണ്ടോ അത്കൂടി ഊറ്റിയെടുത്ത്, കള്ളാക്കി മാറ്റാനുള്ള ശ്രമം, നമ്മളിപ്പോൾ വളരെ കാര്യമായി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അത് ഉണ്ടായാൽ ഇവിടെ സർവ്വ സാമ്പത്തിക പുരോഗതിയും, എല്ലാ തരത്തിലുമുള്ള ഐശ്വര്യവും ഉണ്ടാവുമെന്നാണ് ഒരു കണ്ടെത്തൽ. എങ്ങനെയാണ് എന്ന് എത്ര ആലോചിച്ചിട്ടും, തന്റെ ഈ 86 വയസിലെ ബുദ്ധി കൊണ്ട് മനസിലാകുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹിന്ദൂസ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച പരിപാടിയിൽ ഡോ. എം ലീലാവതിയ്ക്ക് ആർഷദർശന പുരസ്‌കാരം നൽകിയ അവസരത്തിൽ സംസാരിക്കുകയായിരുന്നു സി രാധാകൃഷ്ണൻ.
കേരളം എന്ന ഭൂമിയുടെ തൊലിയും,മാറും എല്ലാം കുത്തിക്കീറി നാശപ്പെടുത്തി, ഉള്ള ചോരയുടെ അവസാന തുള്ളിവരെ,ശുദ്ധജലത്തിന്റെ അവസാന തുള്ളിവരെ ഊറ്റിയെടുത്തിട്ട് അതുകൊണ്ട് കള്ളാക്കി വിറ്റ് പണമുണ്ടാക്കാം എന്ന് വിശ്വസിക്കുന്ന ഒരു സമ്പ്രദായത്തിൽ, നാളെ നാടില്ലാതായാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഇവിടെ ഭരിക്കുന്നവരോട്,ഇത് പറഞ്ഞിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല,പറയാൻ പോയിട്ടില്ല. മാദ്ധ്യമങ്ങളോടും പറയാൻ പോയിട്ടില്ല. അത് കൊണ്ടും കാര്യമുണ്ട് എന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സി രാധാകൃഷ്ണന്റെ വാക്കുകളിലേക്ക്
കേരളത്തിലേക്ക് വരുമ്പോൾ മുകളിൽ നിന്ന് നോക്കിയാൽ,വരുന്നത് കണ്ണൂരിലേക്ക് ആയാലും കോഴിക്കോട്ടേക്ക് ആയാലും,നെടുമ്പാശ്ശേരിയിലേക്ക് ആയാലും,തിരുവനന്തപുരത്തേക്ക് ആയാലും ഈ അപ്രോച്ച് കാണാൻ തോന്നുന്ന സമയത്ത്, താഴെ ഭൂമി കാണാൻ കഴിയുന്ന സമയം ആകുമ്പോഴൊക്കെ, എന്താണ് കാണുന്നതെന്ന് നോക്കിയിട്ടുണ്ടോ? ഒരുപാട് വ്രണപ്പാടുകളാണ്. ക്വാറികളെന്ന് പറയുന്ന,കേരളത്തെ കടിച്ച് കാർന്നുതിന്നുന്ന മഹാവൃത്തികേടായ,കാഴ്ചകളാണ് നമുക്ക് കാണാൻ കഴിയുന്നത്. അതിന്റെ ഒക്കെ ഇടയിലൂടെ ഒഴുകി പോവുന്ന പണ്ട് നദികളായിരുന്ന കുറേ അഴുക്കുചാലുകൾ. ക്ഷുരകവൃത്തി അറിയാത്ത ഒരാൾ, തന്റെ ക്രിയ നടത്തിയ തലപോലെ കാണപ്പെടുന്ന, കാട് എന്ന് പറയപ്പെടുന്ന, പണ്ട് പറയപ്പെട്ട,സ്ഥലങ്ങളും പണ്ട് കൃഷി ഉണ്ടായിരുന്ന വയലുകളൊക്കെ, ഇപ്പോൾ എന്തായി കിടക്കുന്നു എന്ന് അറിയുമ്പോഴുള്ള സഹാറമരുഭൂമിയുടെ അവബോധവും, കൂടിയാണ് കേരളം എന്ന ഭൂമി ഇപ്പോഴുള്ളത്. പരിസ്ഥിതി പരിസ്ഥതി എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും, ഒരു സ്ഥിതിയും ആർക്കും, ഈ കാര്യത്തിൽ ഇല്ല എന്നതാണ് സത്യം. കുറച്ചുകാലം കൂടി കഴിയുമ്പോൾ, കേരളത്തിൽ ആളും ജീവനും,പച്ച പുല്ലും ഒന്നുമില്ലാത്ത,ഒരു അവസ്ഥ ഉണ്ടാവുകയും, കേരളം തന്നെ ഇല്ലാതാകുകയും ചെയ്യുന്ന ഒരവസ്ഥയിൽ, കേരള ഹിന്ദൂസ് നോർത്ത് അമേരിക്ക, എന്ന പേര് മാറ്റി നാടില്ലാ ഹിന്ദു നോർത്ത് അമേരിക്ക, എന്ന് പറയേണ്ടി വരുമോ എന്നാണ് എന്റെ സംശയം. അടിയന്തരമായി, നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം,കേരളഭൂമിയുടെ പരിസ്ഥിതയാണ്. എവിടെയൊക്കെ അൽപ്പം ശുദ്ധജലമുണ്ടോ? അത്കൂടി ഊറ്റിയെടുത്ത്, കള്ളാക്കി മാറ്റാനുള്ള ശ്രമം, നമ്മളിപ്പോൾ വളരെ കാര്യമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അത് ഉണ്ടായാൽ ഇവിടെ സർവ്വ സാമ്പത്തിക പുരോഗതിയും, എല്ലാ തരത്തിലുമുള്ള ഐശ്വര്യവും ഉണ്ടാവുമെന്നാണ് ഒരു കണ്ടെത്തൽ. എങ്ങനെയാണ് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും, എന്റെ ഈ 86 വയസിലെ ബുദ്ധി കൊണ്ട് മനസിലാകുന്നില്ല. അരുത് എന്ന് പറയുന്നവരോടൊന്നും, എന്തെങ്കിലുമൊരു സൻമനോഭാവം കാണിക്കാൻ ആരും തയ്യാറാകുന്നില്ല. ഇതിൽ രാഷ്ട്രീയത്തിന്റെ ഒരു പ്രശ്‌നവുമില്ല. ഞാൻ അത് ഉദ്ദേശിച്ചല്ല പറയുന്നത്.
കേരളം എന്ന ഭൂമിയുടെ തൊലിയും,മാറും എല്ലാം കുത്തിക്കീറി നാശപ്പെടുത്തി, ഉള്ള ചോരയുടെ അവസാന തുള്ളിവരെ,ശുദ്ധജലത്തിന്റെ അവസാന തുള്ളിവരെ ഊറ്റിയെടുത്തിട്ട് അതുകൊണ്ട് കള്ളുകാച്ചി വിറ്റ് പണമുണ്ടാക്കാം എന്ന് വിശ്വസിക്കുന്ന ഒരു സമ്പ്രദായത്തിൽ, നാളെ നാടില്ലാതായാൽ അത്ഭുതപ്പെടേണ്ടതില്ല. അതുകൊണ്ട് ഇതുപോലെ ഒരു പുരസ്‌കാരം, കേരളീയ സംസ്‌കൃതിയിൽ,പരിസ്ഥിതി പ്രവർത്തനത്തിൽ ഏർപ്പെടുന്ന ആളുകൾക്ക് കൊടുക്കാൻ കെഎച്ച്എൻഎ തയ്യാറായാൽ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഭരിക്കുന്നവരോട്,ഇത് പറഞ്ഞിട്ട് കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ പറയാൻ പോയിട്ടില്ല. മാദ്ധ്യമങ്ങളോടും പറയാൻ പോയിട്ടില്ല. അത് കൊണ്ടും കാര്യമുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. ഈ സംഘടനയോട് പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നു. കാരണം അവർ ലോകഗതിയെ നിയന്ത്രിക്കാൻ തക്ക കഴിവ് വരെയുളള ആളുകളായി വളർന്നിരിക്കുകയാണ്. അത് കൊണ്ട് ആവശ്യമായ സ്വാധീനം മാത്രമല്ല, ആവശ്യമായ സമ്മർദ്ദവും ശക്തിയും കൂടി പ്രയോഗിച്ച് കേരളഭൂമിയെ നിലനിർത്തിപോകേണ്ട ദൗത്യം കൂടി, ഏൽപ്പിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാരണം കാലം കാത്തുവച്ച ഒരു കാര്യം,ഭാരത ഭൂമി ഈ ഭൂമിയ്ക്ക് സുഖമായും സന്തോഷമായും കഴിയാൻ എന്തൊക്കെ വേണം എന്ന കാര്യത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കി വച്ചിട്ടുണ്ട്. കാലം കൊണ്ടും പല കാരണങ്ങളാലും പ്രായോഗികമായി നിലവിൽ വരാൻ കഴിഞ്ഞിട്ടില്ല. ഒന്നാമത് ലോകം ഒന്നായിരുന്നില്ല. രണ്ടാമത് ദൂരങ്ങൾ താണ്ടാൻ നിവൃത്തിയില്ലായിരുന്നു. മൂന്നാമത് എല്ലാം കൂടി മോളിൽപോയി,ഒന്നായി കാണാനുള്ള തന്റേടവും കഴിവും ഉണ്ടായിരുന്നില്ല. എല്ലാം തികഞ്ഞിരിക്കുകയാണ്. ശാസ്ത്രം മുന്നോട്ട് പോയിപ്പോയി ലോകം മനുഷ്യന്റെ ഉള്ളം കയ്യിൽ,നെല്ലിക്ക പോലെ ചെറുതായിരിക്കുകയാണ്. അപ്പോൾ ഈ ഭൂമിയുടെ മുഴുവൻ കാര്യവും ഭരണവും നമുക്ക് പരിഗണിക്കാവുന്നതാണ്. ഭൂമിയുടെ ഗതി നമുക്ക് പരിഗണിക്കാവുന്നതാണ്. അതിന് ധാർഷണികമായ ഒരു തലം ആവശ്യമാണ്. അത് മഹർഷി പണ്ടേ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനെയാണ് നമ്മൾ സനാതന ധർമ്മം എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം മദ്ധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ബ്രൂവറി ആരംഭിക്കുന്നത് കാർഷിക മേഖലയ്ക്ക് ഗുണംചെയ്യുമെന്നാണ് സർക്കാരിൻ്റെ അവകാശവാദം. ജലം നൽകുന്നത് ജല അതോറിറ്റിയാണെന്നും ഇതിനായി കരാറിലെത്തിയെന്നും ഉത്തരവിൽ പറയുന്നുണ്ട്. 600 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. നാലുഘട്ടമായാണ് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശ്യമദ്യ ബോട്ടിലിങ് യൂണിറ്റിനാണ് ആദ്യഘട്ടത്തിൽ അനുമതി. സ്പിരിറ്റ് നിർമാണം, ബ്രാണ്ടി- വൈനറി പ്ലാന്റ്, ബ്രൂവറി എന്നിങ്ങനയാണ് മറ്റുള്ള ഘട്ടങ്ങൾ.
Discussion about this post