ഇന്ന് വിപണിയിൽ ലഭിക്കുന്ന വസ്തുക്കളിൽ മിക്കവയിലും മായം കലർന്നിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ ചില ഭക്ഷണ വസ്തുക്കളിൽ മായം കൂടാതെ പൂർണ്ണമായും വ്യാജ ഉൽപ്പന്നങ്ങളും പുറത്തിറങ്ങുന്നുണ്ട്. അത്തരത്തിൽ ഇന്ന് വിപണിയിൽ സുലഭമായി ലഭ്യമാകുന്ന ഒന്നാണ് വ്യാജ കശുവണ്ടി. കിലോക്ക് 1000 രൂപയിലേറെ വിലയുള്ള കശുവണ്ടി വാങ്ങി കഴിക്കുമ്പോൾ അവ യഥാർത്ഥമല്ലെങ്കിൽ ഉണ്ടാകുന്ന അവസ്ഥ ഓർത്തു നോക്കൂ. യഥാർത്ഥ കശുവണ്ടിയുടെ ഗുണം ലഭിക്കില്ലെന്ന് മാത്രമല്ല ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും വ്യാജ കശുവണ്ടിയുടെ ഉപയോഗംകൊണ്ട് കാരണമാകും. ഈ സാഹചര്യത്തിൽ കശുവണ്ടി യഥാർത്ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാൻ ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
നിറം
യഥാർത്ഥ കശുവണ്ടിക്ക് ഇളം വെള്ള നിറമോ നേരിയ മഞ്ഞ നിറമോ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ വ്യാജ കശുവണ്ടി നല്ല തൂവെള്ള നിറത്തിലോ കടുത്ത മഞ്ഞ നിറത്തിലോ ആയിരിക്കും മിക്കവാറും പുറത്തിറക്കുന്നത്. നിറത്തിലെ ഈ വ്യത്യാസം കണ്ടു തന്നെ കശുവണ്ടി വ്യാജമാണോ എന്ന് തിരിച്ചറിയാം.
മണം
യഥാർത്ഥ കശുവണ്ടിയുടെ മണവും വ്യാജ കശുവണ്ടിയുടെ മണവും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കും. യഥാർത്ഥ കശുവണ്ടിക്ക് വളരെ നേരിയ ഒരു മണം മാത്രമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ വ്യാജ കശുവണ്ടിയിൽ കശുവണ്ടി എസൻസ് ചേർക്കുന്നതിനാൽ നല്ല മണം ഉണ്ടായിരിക്കും. കൂടാതെ വ്യാജ കശുവണ്ടിയിൽ എണ്ണയുടെ മണവും ഉണ്ടായിരിക്കുന്നതാണ്.
രൂപം
യഥാർത്ഥ കശുവണ്ടികൾ പലപ്പോഴും വലുപ്പത്തിൽ വ്യത്യസ്തപെട്ടിരിക്കും. എന്നാൽ വ്യാജ കശുവണ്ടി ഏറെക്കുറെ എല്ലാ എണ്ണവും ഒരേ വലുപ്പത്തിൽ ആയിരിക്കും ഉണ്ടായിരിക്കുക. കൂടാതെ ബിരിയാണിയ്ക്കും മറ്റുമായി വലിയ അളവിൽ കഷ്ണങ്ങളായി വാങ്ങാൻ കിട്ടുന്ന കശുവണ്ടി പലപ്പോഴും വ്യാജമാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്.
രുചി
യഥാർത്ഥ കശുവണ്ടി കഴിക്കുമ്പോൾ, നിങ്ങൾക്ക് നേരിയ മധുരവും എണ്ണമയമുള്ള രുചിയും ലഭിക്കും. അതേസമയം, വ്യാജ കശുവണ്ടി നേരിയ കയ്പ് രുചി ഉള്ളതായിരിക്കും. കൂടാതെ യഥാർത്ഥ കശുവണ്ടിയുടെ അത്ര കട്ടിയുള്ള ഘടന ആയിരിക്കില്ല വ്യാജ കശുവണ്ടിക്ക് ഉള്ളത്.
ജല പരിശോധന
ഒരു ജല പരിശോധനയിലൂടെ യഥാർത്ഥ കശുവണ്ടി തിരിച്ചറിയാൻ കഴിയുന്നതാണ്. ജലപരിശോധന നടത്തുന്നതിന്, ആദ്യം നിങ്ങൾ ഒരു പാത്രത്തിൽ ശുദ്ധജലം നിറയ്ക്കണം. ഇനി ഈ വെള്ളത്തിൽ അഞ്ചോ ആറോ കശുവണ്ടി ഇടുക. ഈ കശുവണ്ടി വെള്ളത്തിൽ മുങ്ങുകയാണെങ്കിൽ, കശുവണ്ടി യഥാർത്ഥമാണെന്ന് മനസ്സിലാക്കാം. എന്നാൽ കശുവണ്ടി വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ കശുവണ്ടിയിൽ മായം കലർന്നിരിക്കാൻ ഉള്ള സാധ്യത കൂടുതലാണ്.
Discussion about this post