കേരളീയ വിഭവങ്ങളിലെ ഒരു പ്രധാന ഭാഗമാണ് മത്തൻ. പണ്ടുകാലത്ത് ഒരു ചുവട് മത്തൻ എങ്കിലും ഇല്ലാത്ത വീടുകൾ അപൂർവമായിരുന്നു. കറി മുതൽ പായസം വരെ ഉണ്ടാക്കാൻ മത്തൻ ഉപയോഗിക്കാറുണ്ട്. മത്തന്റെ കായ മാത്രമല്ല പൂവും ഇലയും എല്ലാം മുൻകാലങ്ങളിൽ മലയാളികളുടെ ആഹാര വിഭവങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ കാലം മാറിയതോടെ മത്തൻ പോലുള്ള പച്ചക്കറികൾ നമ്മുടെ അടുക്കളയിൽ നിന്നും അകന്നു തുടങ്ങി. എന്നാൽ മത്തൻ സ്വാദ് കൊണ്ട് മികച്ചതാണെങ്കിൽ മത്തന്റെ ഇല ആരോഗ്യഗുണങ്ങൾ കൊണ്ടാണ് മികച്ചതാകുന്നത്.
നാരുകളാൽ സമ്പുഷ്ടമാണ് മത്തന്റെ ഇലകൾ. ദിവസവും ഇത് കഴിച്ചാൽ ദഹനപ്രശ്നങ്ങളിൽ നിന്നും മലബന്ധത്തിൽ നിന്നും പെട്ടെന്ന് ആശ്വാസം ലഭിക്കും. മാത്രമല്ല, വയർ വൃത്തിയാക്കാനും ഇത് വളരെ ഉപയോഗപ്രദമാണ്. കൂടാതെ മത്തന്റെ ഇലകളിൽ ധാരാളം കാൽസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും പല്ലുകളുടെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ദിവസവും അല്പം മത്തനില തോരൻ വെച്ച് കഴിച്ചാൽ സന്ധി വേദന, ക്ഷീണം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കും.
മത്തനിലയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ ഇല്ലാതാക്കുകയും ആർത്തവ സമയത്ത് വയറുവേദനയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. കൂടാതെ മത്തന്റെ ഇല കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണകരമായി പ്രവർത്തിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഈ കാരണങ്ങളാൽ തന്നെ മത്തനില നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണത്തിന്റെ ഒരു ഭാഗമാക്കിയാൽ പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.
Discussion about this post