വാഷിംഗ്ടൺ; അമേരിക്കയുടെ ഏറ്റവും പുതിയ താരിഫ് നയത്തിനെതിരെ കടുത്ത നടപടിയുമായി കാനഡയും മെക്‌സിക്കോയും ചൈനയും. മൂന്ന് രാജ്യങ്ങൾക്കും ഇറക്കമതിയ്ക്ക് അധിക തീരുവ ചുമത്താനുള്ള നടപടിയ്ക്ക് അതേ നാണയത്തിലാണ് മറുപടി നൽകിയിരിക്കുന്നത്.
യുഎസ് നടപടിയ്ക്ക് പ്രതികാരമായി 155 ബില്യൺ കനേഡിയൻ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. ഇതിൽ 30 ബില്യൺ കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്കുള്ള നികുതി നിർദേശം ചൊവ്വാഴ്ച മുതൽ നിലവിൽ വരും. 125 കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്ക് 21 ദിവസത്തിന് ശേഷമായിരിക്കും നികുതി ചുമത്തുകയെന്നും ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. യു.എസിന് ഒരുങ്ങുന്നതിന് വേണ്ടിയാണ് 21 ദിവസത്തെ സമയം നൽകുന്നതെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്ക് തങ്ങളുടെ രാജ്യം താരിഫ് ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം പറഞ്ഞു.’അനുയോജ്യമായ പ്രതിരോധ നടപടികൾ’ ഏർപ്പെടുത്തുമെന്ന് ചൈനയും പ്രതിജ്ഞയെടുത്തു. വ്യാപാര യുദ്ധങ്ങൾക്ക് വിജയികളില്ലെന്നും ചൈന പ്രതികരിച്ചു. ഡബ്ല്യുടിഒ നിയമങ്ങൾ ഗുരുതരമായി ലംഘിക്കുന്നു എന്ന് വാദിച്ച് താരിഫുകൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യുമെന്നും ചൈന വ്യക്തമാക്കി.
Discussion about this post