കാസർകോഡ് : ടാർവീപ്പയിൽ കുടുങ്ങി നാലരവയസുകാരി. ഒളിച്ചു കളിക്കുന്നിനിടെ ടാർവീപ്പയിൽ കയറി ഇരിക്കുകയായിരുന്നു. നാലരവയസുകാരി അരയോളം ടാറിൽ പുതഞ്ഞ് കുടുങ്ങി കിടന്നത് രണ്ടു മണിക്കൂറിലേറെയാണ്. മെഡിക്കൽ സംഘവും അഗ്നി രക്ഷാ സേനയും പോലീസുമെല്ലാം ഏറെ പരിശ്രമിച്ചാണ് കുട്ടിയ പുറത്തെടുത്തത്.
ചട്ടഞ്ചാൽ എംഐസി കോളേജിനു സമീപമാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് സഹോദരിയുമായി ഒളിച്ചുകളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. സമീപത്തെ റോഡ് ടാറിങ്ങിന് ഉപയോഗിച്ച് മിച്ചം വന്ന ടാറാണ് വീപ്പയിലുണ്ടായിരുന്നത്. കല്ലിൽ ചവിട്ടി കുട്ടി ടാർ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു.
വേനലിൽ ഉരുകിക്കിടന്ന ടാറിൽ കുട്ടി അരയോളം താഴ്ന്നു പോവുകയായിരുന്നു. ടാറിൽ ഉറച്ചു പോയതിനാൽ കുട്ടിയ്ക്ക് തനിയെ പുറത്തിറങ്ങാനും സാധിച്ചില്ല. ടാർ ഇളകാൻ വൈകിയതോടെ കൈകൊണ്ട് ടാർ തോണ്ടിയെടുത്ത് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി . ആരോഗ്യനില തൃപ്തികരമാണന്ന് പോലീസ് പറഞ്ഞു.
Discussion about this post