തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പകൽക്കൊള്ളയിൽ വലഞ്ഞ് സാധാരണജനം. കഴക്കൂട്ടം ടെക്‌നോപാർക്ക് ഉൾപ്പെടുന്ന പ്രദേശത്ത് ഓട്ടോറിക്ഷകൾ അമിതകൂലി ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ടെക്‌നോപാർക്കിന്റെ പരിധിയിലുള്ള മിക്ക സ്റ്റാൻഡുകളിലും ചെറിയ ഓട്ടത്തിന് പോലും ഭീമൻചാർജാണ് ഇടാക്കുന്നതെന്നാണ് വിമർശനം. ഇത് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുന്നുണ്ടെന്നുമാണ് വിമർശനം.
പുതുക്കിയ നിരക്കനുസരിച്ച് ഒന്നരക്കിലോമീറ്ററിന് 30 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്ക് മുതൽ 26 കിലോമീറ്ററിനുള്ള 397.50 രൂപ എന്ന നിരക്ക് പട്ടികയാണ് പ്രദർശിപ്പിക്കേണ്ടത്. ഇത് ലംഘിക്കുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ നടപടിയെടുക്കണം. ടെക്നോപാർക്കിന് സമീപത്തെ ഓട്ടോസ്റ്റാൻഡിൽ അരക്കിലോമീറ്റർ യാത്രയ്ക്ക് പോലും പകൽസമയത്ത് 70മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്. രാത്രിയിൽ ഇതിന്റെ ഇരട്ടിയാണ് നിരക്ക്. ഓൺലൈൻ ഓട്ടോകളിൽ നിരക്ക് കുറവാണെങ്കിലും സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ കയറ്റാൻ മറ്റു ഓട്ടോക്കാർ സമ്മതിക്കാറില്ല. ഇതും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.
നഗരത്തിൽ മാത്രമാണ് മീറ്ററിലെ നിരക്കെന്നും നഗരത്തിന് പുറത്ത് തിരികെ വരുന്നതിനുള്ള റിട്ടേൺ ചാർജ് കൂടിയാണ് ഈടാക്കുന്നതെന്നും ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു. എന്നാൽ, പകൽസമയത്ത് റിട്ടേൺ ചാർജ് ഈടാക്കാൻ പാടില്ലെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post