ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ അഴിമതിയുടെ പ്രളയം തന്നെ കെജ്രിവാൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ആയിരക്കണക്കിന് കോടികളുടെ അഴിമതിയാണ് ഡൽഹിയുടെ മുൻ മുഖ്യമന്ത്രി നടത്തിയിട്ടുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.
എണ്ണിയാലൊടുങ്ങാത്ത അത്രയും അഴിമതികളാണ് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ നടത്തിയിട്ടുള്ളത്. രാജ്യ തലസ്ഥാനത്ത് അഴിമതിയുടെ പ്രളയം തന്നെ അദ്ദേഹം സൃഷ്ടിച്ചു. ആയിരക്കണക്കിന് കോടികളുടെ മദ്യ അഴിമതി നടത്തിയ കെജ്രിവാൾ ക്ഷേത്രങ്ങൾ, സ്‌കൂളുകൾ, ഗുരുദ്വാരകൾ എന്നിവയ്ക്ക് സമീപമെല്ലാം മദ്യശാലകൾ തുറന്നു.
28,400 കോടി രൂപയുടെ ജലബോർഡ് അഴിമതി, 4,500 കോടി രൂപയുടെ ഡിടിസി ബസ് അഴിമതി എന്നിവയും കെജ്രിവാൾ നടത്തിയതാണ്. 1,300 കോടി രൂപയുടെ ക്ലാസ് റൂം അഴിമതിയാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ നടന്നത്. 571 കോടിയുടെ സിസിടിവി അഴിമതിയും 65,000 വ്യാജ ടെസ്റ്റ് തട്ടിപ്പും നടത്തി. അഴിമതിക്കെതിരെ പോരാടാൻ വരുന്നുവെന്ന് പ്രഖ്യാപിച്ച കെജ്രിവാൾ തന്നെ അഴിമതിയുടെ ആൾരൂപമായി മാറുകയായിരുന്നു. തുടർന്ന് മദ്യ കുംഭകോണത്തിൽ ബഡേ മിയാനും ഛോട്ടേ മിയാനും ജയിലിലാവുകയും ചെയ്തുവെന്നും അമിത് ഷാ പരിഹസിച്ചു.
അതേസമയം, രാജ്യ തലസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. ആകെ, 13,033 ബൂത്തുകളിലായി 1.55 കോടി വോട്ടർമാരാണുള്ളത്.
Discussion about this post