കംബോഡിയ: ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് കംബോഡിയയിലെ അങ്കോർ വാട്ട്. യുനസ്‌കോയുടെ പട്ടികയിൽ ഉൾപ്പെട്ട ഇവിടെയായിരിക്കും ഒരുപക്ഷേ, കംബോഡിയയിലെത്തുന്ന ഏതൊരു വിനോദ സഞ്ചാരിയും ആദ്യമെത്തുന്നത്. എന്നാൽ, ഈയിടയായി വലിയ ആശങ്കയാണ് ഇവിടെയെത്തുന്ന സഞ്ചാരികളും അധികൃതരും നേരിടുന്നത്.
അങ്കോർ വാട്ട് സമുച്ചയത്തിലെത്തുന്ന വിനോദസഞ്ചാരികൾ വ്യാപകമായി കാട്ടുകുരങ്ങുകളിൽ നിന്നും ആക്രമണം നേരിടുന്നു. ഇതോടൊപ്പം, ക്ഷേത്രത്തിലെ ശിലാഫലകങ്ങൾ തകർക്കുകയും പ്രദേശത്തെ ബോർഡുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇതിൽ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത എന്തെന്നാൽ, ഈ വിദേശികളെ കുരങ്ങുകൾ ആക്രമിക്കാൻ കാരണം സമുച്ചയത്തിൽ വീഡിയോ ചിത്രീകരിക്കാറുള്ള യൂട്യൂബർമാരാണ്.
അങ്കോർ വാട്ടിനെ ചുറ്റിപ്പറ്റിയുള്ള സമൃദ്ധമായ വനങ്ങളിലെ താമസക്കാരാണ് ഇവിടുത്തെ സിംഹവാലൻ കുരങ്ങുകൾ. എന്നാൽ, മനുഷ്യരുടെ, പ്രത്യേകിച്ച് ഓൺലൈൻ ചാനലുകൾക്ക് വേണ്ടി കണ്ടന്റുകൾ സൃഷ്ടിക്കുന്ന യൂട്യൂബർമാർ ഈ കുരങ്ങുകളുടെ സ്വഭാവത്തിൽ വലിയ മാറ്റം വരുത്താൻ കാരണക്കാരായിരിക്കുകയാണെന്ന് അപ്സര നാഷണൽ അതോറിറ്റി വ്യക്തമാക്കുന്നു. ഒരു ചെറിയ വിഭാഗം യൂട്യൂബർമാർ വീഡിയോകൾ പകർത്തുന്നതിനായി സ്ഥിരമായി കുരങ്ങുകൾക്ക് ഭക്ഷണം നൽകി വന്നിരുന്നു. എന്നാൽ, ഈ പ്രവണത ‘വന്യമൃഗങ്ങളായ കുരങ്ങുകളുടെ സ്വാഭാവിക സ്വഭാവത്തെ മാറ്റുകയും അവയെ, ആക്രമണകാരികളായ, ഭക്ഷണം മോഷ്ടിക്കുന്ന, ആളുകൾക്ക് പരിക്കേൽപ്പിക്കുന്ന സ്വഭാവത്തിലേക്ക് മാറ്റുകയും ചെയ്തതായി അപ്സര നാഷണൽ അതോറിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.
വിനോദസഞ്ചാരികൾക്ക് ഉണ്ടാകുന്ന അപകടത്തിന് പുറമേ, കുരങ്ങുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാഫലകങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്ന ആശങ്കയും തങ്ങൾക്ക് വർദ്ധിച്ചുവരികയാണെന്ന് അപ്സര നാഷണൽ അതോറിറ്റിയുടെ വക്താവ് ലോങ് കോസൽ വ്യക്തമാക്കി.
‘സന്ദർശകരെ ആക്രമിക്കുന്നതിന് പുറമേ, കുരങ്ങുകൾ മുകളിലേക്ക് കയറുകയും കല്ലുകൾ താഴേക്ക് തള്ളുകയും ചെയ്യുന്നു. ക്ഷേത്രങ്ങൾക്ക് വലിയ രീതിയിൽ കേടുപാടുകൾ വരുത്തുന്നു. ഇതോടൊപ്പം, കുരങ്ങുകൾ ഇൻഫർമേഷൻ ബോർഡുകളും ഇവ നശിപ്പിക്കുന്നു’- ലാങ് കോസൽ പറഞ്ഞു.
സന്ദർശകർ എത്തുമ്പോൾ, കുരങ്ങുകളെ ഒറ്റയ്ക്ക് വിടാൻ ഏജൻസി വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചു. ഈ പ്രശ്‌നത്തിന് ‘ഉചിതമായ ഒരു പരിഹാരം തേടുകയാണെന്നും അപ്സര നാഷണൽ അതോറിറ്റി വ്യക്തമാക്കി.
9 മുതൽ 15 വരെ നൂറ്റാണ്ടുകളിൽ നിർമ്മിച്ച അങ്കോർ വാട്ട്, ഖെമർ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. കംബോഡിയയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് അങ്കോർ വാട്ട്. രാജ്യത്തെ ഏറ്റവും വലിയ വരുമാന മാർഗമാണ് ഇവിടം. കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിച്ചത്. 1992-ലാണ് അങ്കോർ വാട്ട് ലോക പൈതൃക സ്ഥലമായി മാറിയത്. ഇതിന് പിന്നാലെ അങ്കോർ വാട്ടും ചുറ്റുമുള്ള കാടും നിയമപരവും ഭൗതികവുമായി സംരക്ഷിക്കപ്പെടുന്നു.
കമ്പോഡിയ എന്ന രാജ്യത്തെ അടയാളപ്പെടുത്തുന്ന അതിന്റെ ദേശീയ പതാകയിൽ പോലും മുദ്രണം ചെയ്യപ്പെട്ട ക്ഷേത്രമാണിത്. നഗരം എന്ന് അർത്ഥം വരുന്ന അങ്കോർ എന്ന പദവും ക്ഷേത്രം എന്നർത്ഥം വരുന്ന വാട്ട് എന്ന പദവും ചേർന്നപ്പോൾ ആ ക്ഷേത്രസമുച്ചയത്തെ ലോകം ഇങ്ങനെ വിളിച്ചു.. അങ്കോർ വാട്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഫ്രഞ്ചുകാരാണ് മറഞ്ഞു കിടന്ന ഈ ക്ഷേത്ര നഗരം കണ്ടുപിടിച്ചത്. തുടർന്ന് ക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചില രാജ്യങ്ങൾ പുനരുദ്ധാരണത്തിൽ സഹായിക്കുകയും ചെയ്യുന്നു.
Discussion about this post