മലപ്പുറം : വാദ്യോപകരണങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ സംഘം പിടിയിൽ. മലപ്പുറം എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 18.5 കിലോ കഞ്ചാവും പിടിച്ചെടുത്തു.
നിലമ്പൂരിൽ നിന്നായിരുന്നു നാലംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിൽ ആയിരുന്നു സംഘം പിടിയിലായത്. ആന്ധ്രയിൽ നിന്നായിരുന്നു കഞ്ചാവ് എത്തിച്ചത് എന്ന് പ്രതികൾ എക്‌സൈസിന് മൊഴി നൽകി.
തീവണ്ടി മാർഗ്ഗം പ്രതികൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ഇവർ നിലമ്പൂരിലേക്ക് വാഹനത്തിൽ കൊണ്ടുവരുന്നതിനിടെ ആണ് പിടിയിലായത്. വാദ്യോപകരണങ്ങളിൽ കഞ്ചാവ് ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. ബാൻഡ് ഡ്രമ്മിൽ ഉൾപ്പെടെയാണ് പ്രതികൾ കഞ്ചാവ് ഒളിപ്പിച്ചത്. നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേ
പൂക്കോട്ടുംപാടം അഞ്ചാം മൈൽ പെട്രോൾ പമ്പിൽ പ്രതികൾ ഇന്ധനം നിറയ്ക്കാനായി കയറി. ഇതിനിടെ എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡും നിലമ്പൂർ എക്സൈസും ചേർന്നായിരുന്നു പ്രതികളെ പിടികൂടിയത്. റിയാദിനെതിരെ കഞ്ചാവ് കൈവശം വെച്ചതിന് എടക്കര ജനമൈത്രി എക്സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്.
Discussion about this post