നമ്മുടെ സമൂഹത്തിൽ പല മേഖലകളിലും വ്യാജന്മാരെ കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് തട്ടിപ്പ് നടത്തുന്നവരും മറ്റൊരാളുടെ വ്യക്തിത്വത്തിൽ ജീവിക്കുന്നവരും… അങ്ങനെ വ്യാജന്മാരുടെ ലോകമായി ഇവിടം മാറിക്കഴിഞ്ഞു എന്ന് പറയേണ്ടി വരും.. എന്നാൽ, മനുഷ്യന്മാരിൽ മാത്രമല്ല, വ്യാജന്മാരും വ്യാജ പ്രൊഫൈലുകളുമുള്ളത്…
മറ്റ് ജീവജാലങ്ങൾക്കിടയിലും ഇത്തരത്തിൽ വ്യാജന്മാരുണ്ട്.. അത്തരത്തിൽ ശസ്ത്രലോകം ഇതുവരെ, അത്രകണ്ട് വില കൊടുക്കാത്ത ഒരു വ്യാജനാണ് കുമിളുകൾ. പ്രണികളെയും ഉറുമ്പുകളെയുമെല്ലാം വരുതിയിലാക്കി ഭക്ഷണമാക്കി മാറ്റുന്ന പലതരം കുമിളുകൾ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിനേക്കാളുമെല്ലാം വില്ലന്മാരായ നല്ല ഒറിജിനലിനേക്കാൾ വെല്ലുന്ന വ്യാജ പ്രൊഫൈലിൽ ജീവിക്കുന്ന ഒരു കുമിളിനെ അടുത്തിടെയാണ് ശാസ്ത്ര ലോകം കണ്ടെത്തിയത്.
ഈ തട്ടിപ്പ് വീരന്റെ ഇരയാകുന്നത് സെറിസ് എന്ന പുഷ്പിത സസ്യവും അവയെ തേടിയെത്തുന്ന തേനീച്ചകളും ചിത്രശലഭങ്ങളുമൊക്കെയാണ്. എങ്ങനെയെന്നല്ലേ…
പുൽമേടുകളിലുൾപ്പെടെ കാണുന്ന സസ്യമാണ് സെറിസ്. നല്ല മനോഹരമായ മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഇവയിലുണ്ടാകുന്നത്. എന്നാൽ, സെറിസിന് ഭീഷണിയായിക്കൊണ്ട് ഇവയിലേക്കെത്തുന്ന കുമിൾ ആണ് ഫ്യൂസെറിയം. സെറിസ് ചെടിയിൽ എത്തുന്ന കുമിളിന്റെ ചെറിയ വിത്ത് മുളച്ച് നാരുകൾ ചെടിയിൽ പടരുന്നു. ഇത് ആദ്യം ചെയ്യുന്നത് പൂക്കുലയ്ക്കുള്ളിൽ കയറി പൂമൊട്ടുകയെ നശിപ്പിക്കുകയാണ്. ഇത് കഴിഞ്ഞാൽ, പൂക്കുലയ്ക്ക് അകത്ത് തന്നെ നിന്നുകൊണ്ട് വളർന്ന് പൊട്ടി പൂ പോലെ പുറത്തേക്ക് വരുന്നു…
കണ്ട് കഴിഞ്ഞാൽ, ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്. അതായത്, സെറിസ് സസ്യത്തിന്റെ മഞ്ഞ നിറത്തിലുള്ള പൂ കാണാൻ എങ്ങനെയാണോ.. അതേ പൂവ് പോലെ തന്നെ തോന്നും ഈ കുമിളിനെ കാണാൻ. ഇനി വേഷത്തിൽ മാത്രമല്ല, ഈ കുമിൾ പൂവിനെ അനുകരിക്കുന്നത്, പൂക്കളിൽ കാണുന്ന വിവിധ ഗന്ധം ഉണ്ടാക്കുന്ന രാസ സംയുക്തങ്ങളും ഇവയിലുണ്ട്. പൂക്കളെന്ന് തെതറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന ചില അട്രാവയലറ്റ് അടയാളങ്ങളും ഈ കുമിളിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ, സെറിസ് പൂവാണെന്ന് കരുതി ആകർഷിച്ച് ഈ സസ്യത്തിലേക്ക് വരുന്ന തേനീച്ചകൾക്കും ചിത്രശലഭങ്ങൾക്കും വണ്ടുകൾക്കുമെല്ലാം പൂമ്പൊടിക്ക് പകരം വ്യാജൻ കുമിൾ കൊടുത്ത് വിടുന്നത് തങ്ങളുടെ സ്‌പോർ വിത്തുകളാണ്. അങ്ങനെ സെറിസ് ചെടിയുടെ പരാഗവാഹകരെയും തട്ടിപ്പിൽ വീഴ്ത്തിക്കൊണ്ട്, മറ്റ് സെറിസ് ചെടിയിലേക്കും ഈ തട്ടിപ്പ് വീരൻ എളുപ്പം പടരുന്നു.
Discussion about this post