പാട്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബീഹാർ ധനമന്ത്രിയും ഉപ മുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി. ബീഹാറിന്റെ ജാതി സർവേയെ കുറിച്ച് വിമർശനമുന്നയിക്കുന്ന രാഹുൽ ഗാന്ധി ഭരണഘടനയെ അവഹേളിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത് എന്ന് സാമ്രാട്ട് ചൗധരി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ വ്യാജ പകർപ്പുമായി ചുറ്റിത്തിരിയുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
60 വർഷത്തെ കോൺഗ്രസ് ഭരണകാലത്ത് ജാതി സെൻസസ് നടത്താത്തത് എന്തുകൊണ്ടാണെന്ന് സാമ്രാട്ട് ചൗധരി ചോദ്യം ഉന്നയിച്ചു. “കർണാടക ഭരിക്കുന്നത് കോൺഗ്രസ് സർക്കാരാണ്. വർഷങ്ങൾക്കു മുൻപ് തന്നെ കർണാടകയിൽ ജാതി സെൻസസ് നടത്തിയിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാർ എന്തുകൊണ്ടാണ് ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിടാത്തത്? കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ എന്തുകൊണ്ട് ജാതി സെൻസസ് നടത്തുന്നില്ല. ഹിമാചൽപ്രദേശിലും കോൺഗ്രസ് സർക്കാരല്ലേ ഭരിക്കുന്നത്? അവിടെ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ജാതി സെൻസസ് ആവശ്യം ഉന്നയിക്കാത്തത്” എന്നും സാമ്രാട്ട് ചൗധരി ചോദിച്ചു.
“ഭരണഘടനയെ സംരക്ഷിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന രാഹുൽഗാന്ധി തന്നെ ഇപ്പോൾ ഭരണഘടനയെ അവഹേളിക്കുകയാണ് ചെയ്യുന്നത്. അവർക്കെതിരെ നിൽക്കുന്നവർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം വ്യാജമായിട്ടാണ് അവർക്ക് തോന്നുന്നത്. ബീഹാറിലെ ജാതി സെൻസസ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ, പാർലമെന്റ്, അസംബ്ലികൾ എന്നിങ്ങനെ എല്ലാം തന്നെ വ്യാജമാണെന്നാണ് രാഹുൽ ഗാന്ധി കരുതുന്നത്. അധികാരത്തിൽ ഇരിക്കുന്ന സമയത്തും അതിനുശേഷം പ്രതിപക്ഷത്ത് എത്തിയപ്പോഴും ഭരണഘടന സ്ഥാപനങ്ങളെ അപമാനിക്കുന്ന നടപടികളാണ് സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും നടത്തുന്നത്” എന്നും സാമ്രാട്ട് ചൗധരി അഭിപ്രായപ്പെട്ടു.
ബീഹാറിൽ സ്വാതന്ത്ര്യസമര സേനാനിയും ദലിത് നേതാവുമായ ജഗ്‌ലാൽ ചൗധരിയുടെ ജന്മവാർഷിക ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ ആണ് രാഹുൽഗാന്ധി ബീഹാർ സർക്കാരിന്റെ ജാതി സെൻസസിനെ കുറിച്ച് വിവാദ പരാമർശം നടത്തിയത്. കേന്ദ്രസർക്കാരിന് അനുകൂലമായി നിൽക്കുന്ന ബീഹാർ സർക്കാർ ജാതി സെൻസസ് നടത്തുമെന്ന് പറയുന്നത് സംശയാസ്പദമാണെന്നാണ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. ദളിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയ്ക്ക് ബിജെപിയും ആർഎസ്എസും എതിരാണെന്നും രാഹുൽ ഗാന്ധി ഈ ചടങ്ങിൽ ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവനക്കെതിരെയാണ് ഇപ്പോൾ ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അടക്കമുള്ള ബീഹാറിലെ നേതാക്കൾ രംഗത്ത് രംഗത്ത് വന്നിരിക്കുന്നത്.
ബീഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ രണ്ട് ഉപമുഖ്യമന്ത്രിമാരിൽ ഒരാളാണ് സാമ്രാട്ട് ചൗധരി. ഒബിസി വിഭാഗത്തിൽ നിന്നുള്ള സാമ്രാട്ട് ചൗധരി കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിജെപിയുടെ തീപ്പൊരി നേതാവായി ഉയർന്നുവന്നിട്ടുള്ള വ്യക്തിയാണ്. ബീഹാർ ബിജെപിയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. 2020 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിനുശേഷം, നിതീഷ് കുമാർ സർക്കാരിന്റെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി.
Discussion about this post