ന്യൂഡൽഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയകരമായി പര്യവസാനിച്ചു. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. എല്ലാ രാഷ്ട്രീയ പാർട്ടികളും വളരെ ആകാംഷയോടെയാണ് തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത്.
ഡൽഹിയിൽ വീണ്ടും വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആംആദ്മി. എന്നാൽ ആംആദ്മിയുടെ കോട്ട ഇക്കുറി തകർത്തെറിയുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഡൽഹി ഇക്കുറി തങ്ങൾ പിടിച്ചടക്കുമെന്ന് കോൺഗ്രസും പറയുന്നു. ഇക്കുറി ഡൽഹി ആരെ പിന്തുണയ്ക്കുമെന്നത് കണ്ടുതന്നെ അറിയണം.
തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടമാക്കുന്ന ആംആദ്മിയ്ക്ക് ഒട്ടും സന്തോഷം നൽകുന്നതല്ല വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. ബിജെപി ഇക്കുറി ഡൽഹി പിടിച്ചടക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ പുതിയൊരു ചരിത്രത്തിന് ആകും ഡൽഹിയും രാജ്യവും സാക്ഷിയാകുക. 27 വർഷങ്ങൾക്ക് മുൻപാണ് ഡൽഹിയിൽ ബിജെപി അധികാരത്തിൽവന്നത്.
വ്യക്തമായ ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി ഡൽഹി പിടിച്ചെടുക്കുകയെന്നാണ് എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ബിജെപിയ്ക്ക് തിരഞ്ഞെടുപ്പിൽ 39 മുതൽ 49 വരെ സീറ്റുകൾ ലഭിക്കുമെന്ന് പി- മാർകിന്റെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം ആംആദ്മി 21 മുതൽ 31 വരെ സീറ്റുകളിലേക്ക് ചുരുങ്ങും. കോൺഗ്രസിന് ഒന്നോ രണ്ടോ സീറ്റുകൾ മാത്രമായിരിക്കുമെന്നും എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നു. മാട്രിസ് എക്‌സിറ്റ് പോളും, ജെസിവിയുടെ എക്‌സിറ്റ് പോളും സമാന ഫലമാണ് പ്രവചിക്കുന്നത്.
വോട്ടെടുപ്പിന് പിന്നാലെ വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിയെ വലിയ ആവേശത്തിൽ ആഴ്ത്തിയിട്ടുണ്ട്. എന്നാൽ ഇതിന് പിന്നാലെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ അദ്ധ്യക്ഷനായ സാജിജ് റഷീദി നടത്തിയ വെളിപ്പെടുത്തൽ ബിജെപിയെയും മറ്റ് രാഷ്ട്രീയ പാർട്ടികളെയും ഞെട്ടിച്ചിട്ടുണ്ട്.
ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കാണ് വോട്ട് ചെയ്തത് എന്നാണ് റഷീദിയുടെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ ഡൽഹി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഏത് സർക്കാർ വരണം എന്നാണോ ആഗ്രഹിക്കുന്നത് ആ പാർട്ടിയ്ക്കാണ് ഞാൻ വോട്ട് ചെയ്തത്. ഞാൻ വോട്ട് ചെയ്ത പാർട്ടി ഏതെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ഞാൻ എന്റെ വോട്ട് ഭാരതീയ ജനതാ പാർട്ടിയ്ക്കാണ് നൽകിയത്. എന്തുകൊണ്ട് പാർട്ടിയ്ക്ക് വോട്ട് നൽകി എന്നതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. ബിജെപിയ്ക്ക് മുസ്ലീമായി ജനിച്ചവർ വോട്ട് ചെയ്യില്ലെന്നാണ് എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ അത് അങ്ങനെ അല്ല എന്ന് എനിക്ക് ബോധിപ്പിക്കണം. അതിന് വേണ്ടി കൂടിയാണ് ബിജെപിയ്ക്ക് വോട്ട് ചെയ്തത് എന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു.
ബിജെപിയ്ക്ക് വോട്ട് നൽകിയെന്ന വെളിപ്പെടുത്തലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റഷീദിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്ത് എത്തി. ബിജെപിയ്ക്ക് വോട്ട് നൽകിയെന്നാണ് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ അദ്ധ്യക്ഷൻ സാജിദ് റഷീദി പറയുന്നതെന്ന് അമിത് താളവ്യ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. മതേതര പാർട്ടികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പാർട്ടികൾക്ക് മുസ്ലീങ്ങൾ ബിജെപിയെ പിന്തുണയ്ക്കുന്നതിൽ വലിയ ആശങ്കയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബിജെപിയ്ക്ക് വോട്ട് ചെയ്ത റഷീദിയ്‌ക്കെതിരെ പല ഭാഗങ്ങളിൽ നിന്നും വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയരുന്നുണ്ട്.
Discussion about this post