ന്യൂഡൽഹി: മുഖത്ത് പറ്റിയ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെിവിക്വിക് ഉപയോഗിച്ച നഴ്‌സിന് സസ്‌പെൻഷൻ. ഗുരുകിഷൻ അന്നപ്പ ഹൊസമണി എന്ന ഏഴ് വയസുകാരന്റെ മുറിവിലാണ് ഫെവിക്വിക് ഉപയോഗിച്ചത്. സംഭവത്തിൽ, കർണാടകയിലെ ഒരു സർക്കാർ ആശുപത്രിയിലെ ജ്യോതി എന്ന നഴ്‌സിനെതിരെയാണ് നടപടി.
സംഭവത്തെ കുറിച്ച് പുറത്ത് വന്നതോടെ, വലിയരീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കേസിന്റെ പ്രാഥമിക റിപ്പോർട്ട് അവലോകനം ചെയ്ത ശേഷം സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നഴ്‌സിനെതിരെ നടപടിയെടുത്തത്. ജനുവരി 14ന് ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലെ അടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
ഗുരുകിഷന്റെ കവിളിൽ ആഴത്തിലുള്ള മുറിവുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവിൽ നിന്നും വലിയരീതിയിൽ രക്തസ്രാവവുമുണ്ടായിരുന്നു. എന്നാൽ, സ്റ്റിച്ച് ഇടേണ്ട മുറിവായിരുന്നിട്ടും, കുഞ്ഞിന പ്രാഥമിക ചികിത്സ പോലും നൽകാതെ ഫെവിക്വിക് ഉപയോഗിച്ച് മുറിവ് ഒട്ടിക്കുകയായിരുന്നു.
വർഷങ്ങളായി ഈ രീതിയാണ് ആശുപത്രിയിൽ ഈ നഴ്‌സ് ഉപയോഗിക്കുന്നതെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നു. പള ഉപയോഗിക്കുന്നതിൽ തങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും എന്നാൽ, കുട്ടിയുടെ മുഖത്ത് മായാത്ത രീതിയിൽ മുറിവ് ഉണ്ടാക്കുന്ന സ്റ്റിച്ചുകളേക്കാൾ നല്ലത് ഫെവിക്വിക് ആണെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. തങ്ങളുടെ ആശങ്കകളെല്ലാം തള്ളിക്കളയുന്നതായിരുന്നു അവരുടെ പെരുമാറ്റമെന്നും കുടുംബം ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ കുടുംബം പകർത്തിയിരുന്നു.
തുടർന്ന് കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തങ്ങൾ പകർത്തിയ വീഡിയോയും കുടുംബം പോലീസീന് കൈമാറി. ഇതോടെ, ജ്യോതിയെ ഹാവേരി താലൂക്കിലെ ഗുത്തൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് വലിയ തോതിലുള്ള ജനരോക്ഷത്തിന് കാരണമായതോടെയാണ്, ഇവരെ സസ്‌പെന്റ് ചെയ്തത്.
Discussion about this post