ഇംഗ്ലണ്ട്: ജെസിബി എന്തെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ പരിസരങ്ങളിൽ കുഴിയെടുക്കാനും മണ്ണെടുക്കാനും എത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളെ ജെസിബി എന്ന മൂന്നക്ഷരം കൊണ്ടാണ് വിശേഷിപ്പിക്കാറ്. കുട്ടിക്കാലത്ത് ഇതിൽ കയറാനും ഇത് ഓടിക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ജെസിബി എന്നത് യഥാർത്ഥത്തിൽ ഈ മണ്ണുമാന്തി യന്ത്രം നിർമ്മിക്കുന്ന കമ്പനിയുടെ പേരാണ്. എന്നാൽ ഇത് പലർക്കും അറിയില്ല.
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപകരണ നിർമ്മാതാക്കളാണ് ജെസിബി. 73 വർഷങ്ങൾക്ക് മുൻപാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങളാണ് ജെസിബി പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇതിന് പുറമേ ബാക്ക്‌ഹോ ലോഡർ, എക്‌സവേറ്റർ, ലോഡേ്‌സ്, ട്രാക്ടറുകൾ, ഡീസൽ എൻജിനുകൾ എന്നിവയും കമ്പനി നിർമ്മിക്കുന്നുണ്ട്. ഇപ്പോഴിതാ ബാക്ക്‌ഹോയുടെ നിർമ്മാണത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ജെസിബി. ഈ നേട്ടം സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിട്ടുമുണ്ട്.
ബാക്ക്‌ഹോ ലോഡറുകളുടെ നിർമ്മാണം 1 മില്യൺ പിന്നിട്ടതാണ് ജെസിബി സ്വന്തമാക്കിയ നേട്ടം. കമ്പനി ഈ നേട്ടാം ആഘോഷിച്ച രീതിയും അൽപ്പം വ്യത്യസ്തമാണ്. 16 ബാക്ക്‌ഹോ ലോഡറുകൾ അണിനിരത്തി കൊണ്ടായികുന്നു ജെസിബി സന്തോഷം പ്രകടമാക്കിയത്. ഈ പരേഡിൽ ബാക്ക്‌ഹോയുടെ ആദ്യ മോഡലായ മാർക്ക് വൺ മുതൽ ഏറ്റവും പുതിയ മോഡൽ ആയ 3സിഎക്‌സ് വരെ ഉൾപ്പെടുന്നു. ജെസിബിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ കെൻ ഹാരിസണും പരേഡിൽ പങ്കെടുത്തു. ജെസിബിയുടെ ഈ പരേഡ് ലോകശ്രദ്ധ തന്നെ ആകർഷിച്ചിട്ടുണ്ട്.
ഉയർന്ന അളവിലുള്ള അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ബാക്ക്‌ഹോ ലോഡറുകൾ. ഇതുപയോഗിച്ച് അഞ്ച് മിനിറ്റുകൊണ്ട് 20 ടൺ അവശിഷ്ടങ്ങൾ കോരി മാറ്റാം. പ്രവർത്തിക്കാൻ വളരെ കുറഞ്ഞ അളവിൽ മാത്രം ഇന്ധനം മതി എന്നതാണ് ഇതിന്റെ ബാക്ക്‌ഹോയുടെ പ്രധാന സവിശേഷത.
ബ്രിട്ടീഷ് സംരംഭകനായ ജോസഫ് സിറിൽ ബാംഫോഡ് ആണ് ജെസിബി എന്ന കമ്പനി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുവച്ചാണ് കമ്പനിയ്ക്ക് ജെസിബി എന്ന് പേര് നൽകിയിരിക്കുന്നത്. കമ്പനി ആരംഭിച്ച് ആദ്യ 20 വർഷത്തിനിടെ തന്നെ 50,000 ബാക്ക്‌ഹോ ലോഡറുകളാണ് കമ്പനി നിർമ്മിച്ചത്. 60 വർഷമായപ്പോഴേയ്ക്കും ബാക്ക്‌ഹോയുടെ നിർമ്മാണം അഞ്ച് ലക്ഷം കടന്നു. ഇതിന് ശേഷമുള്ള 13 വർഷം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ബാക്ക്‌ഹോ നിർമ്മാണ രംഗത്തെ ജെസിബിയുടെ മുന്നേറ്റം.
Discussion about this post