മുംബൈ: വളർച്ചയുടെ പാതയിൽ അതിവേഗം ബഹുദൂരം കുതിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്ന വമ്പൻ തീരുമാനവുമായി ആർബിഐ. അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായി പലിശനിരക്ക് കുറച്ചിരിക്കുകയാണ് റിസർവ്വ് ബാങ്ക്. 25 ബേസിസ് പോയിന്റ് കുറച്ച് റിപ്പോ നിരക്ക് 6.25 ശതമാനമാക്കി. കേന്ദ്രബജറ്റിൽ ആദായനികുതി ഭാരം കുറച്ചതിന് പിന്നാലെയാണ് ഇപ്പോൾ വായ്പകളുടെ പലിശഭാരവും കുറച്ചിരിക്കുന്നത്.
2020 മെയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശനിരക്കിൽ ആർബിഐ മാറ്റം വരുത്തിയത്. അന്ന് സമ്പദ്വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമാക്കി ഉയർത്തുകയായിരുന്നു. അന്ന് മുതൽ റിപ്പോ 6.5 ശതമാനത്തിൽ തുടരുകയായിരുന്നു. ഇതിലാണ് മാറ്റം വന്നിരിക്കുന്നത്. റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ ആയ സഞ്ജയ് മൽഹോത്ര അദ്ധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി ഐക്യകണ്‌ഠേനെയാണ് റിപ്പോനിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.
വളർച്ചയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യമാണ് ആർബിഐയ്ക്കുള്ളതെന്നും, ആർബിഐ ധനനയം എന്നത് പലർക്കും വളരെ താൽപ്പര്യമുള്ള ഒന്നാണെന്നും, ഇതു രാജ്യത്തെ എല്ല പൗരൻമാരുടെയും ജീവിതത്തെ നേരിട്ടു ബാധിക്കുന്നുവെന്നും ആർബിഐ ഗവർണർ പറഞ്ഞു. ആർബിഐയുടെ പണപ്പെരുപ്പ തന്ത്രങ്ങളെ തുടർന്ന് രാജ്യത്ത് വിലക്കയറ്റം താഴ്ന്നുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
റീ പർച്ചേസ് അഗ്രിമെന്റ് ന്നെതിന്റെ ചുരുക്കപ്പേരാണ് റിപ്പോ നിരക്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും പണം വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് ഇത്. വാണിജ്യ ബാങ്കുകൾ കാർ ലോണിനോ ഹോം ലോണിനോ പലിശ ഈടാക്കുന്നതിനു സമാനമാണിത്. ഇപ്പോൾ റിപ്പോ നിരക്ക് കുറച്ചതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ഉണ്ടാവുക. റിപ്പോ നിരക്ക് കുറവ് വന്നതോടെ, ബാങ്കുകൾ നൽകുന്ന ഭവന,വാഹന,വിദ്യാഭ്യാസ,കാർഷിക,സ്വർമപ്പണ,മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കുറയുമെന്നതിനാൽ ഉപഭോക്താക്കൾക്ക് അത്രയും തുക മിച്ചം പിടിക്കാനും അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും.
അടുത്തിടെ കാഷ് റിസർവ് റേഷ്യോ (സിആർആർ) 50 ബേസിസ് പോയന്റ് കുറച്ചിരുന്നു. ബാങ്കിങ് മേഖലയ്ക്ക് കൂടുതൽ പണം ലഭിക്കുന്നതായിരുന്നു ഈ തീരുമാനം. ഇപ്പോൾ റിപ്പോ നിരക്ക് കൂടി കുറച്ചതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
Discussion about this post